മെസി പിണങ്ങി; കേരളത്തിലേക്കില്ല

ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നത്.

author-image
Biju
New Update
mesi

തിരുവനന്തപുരം: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഈ വര്‍ഷം കേരളത്തിലേക്ക് എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ജേതാവായ മെസി ഈ വര്‍ഷം കേരളത്തിലേക്ക് എത്താനുള്ള സാധ്യത മങ്ങിയതായി കായിക വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് മന്ത്രി തന്നെ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.അര്‍ജന്റൈന്‍ ടീം എത്തുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു നല്‍കിയിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം അര്‍ജന്റൈന്‍ ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വരവില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെന്നാണ് നിലവിലെ വിവരം. ഡിസംബറില്‍ ഇന്ത്യയില്‍ എത്തുന്ന അര്‍ജന്റൈന്‍ ടീം അഹമ്മമദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നീ നാല് നഗരങ്ങളിലെ വിവിധ പരിപാടികളിലാണ് പങ്കെടുക്കുക.

അതേസമയം ഇതു ഇതു രണ്ടാം തവണയാണ് മെസി ഇന്ത്യയിലേക്ക് എത്തുന്നത്. 2011-ല്‍ അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ വെനസ്വേലയുമായി സൗഹൃദ മത്സരം കളിച്ചിരുന്നു. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ അന്ന് വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു.

അതേസമയം ഇന്റര്‍ മയാമിക്കായി കളിക്കവെ മെസിക്ക് കഴിഞ്ഞ ദിവസം പരിക്ക് പറ്റിയിരുന്നു. ലീഗ്സ് കപ്പ് മത്സരത്തിനിടെ ഇന്റര്‍ മയാമിയും നെകാക്സയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് പരിക്ക് പറ്റിയത്. തുടര്‍ന്ന് താരം കളം വിട്ടു.

നെകാക്സയുടെ പെനാല്‍റ്റി ബോക്സിലേക്ക് മുന്നേറുമ്പോള്‍ എതിര്‍താരങ്ങള്‍ മെസിയെ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പേശികള്‍ക്ക് പരിക്കേറ്റു. താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

lionel messi