/kalakaumudi/media/media_files/2025/12/24/messi-sister-2025-12-24-07-19-58.jpg)
മിയാമി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സഹോദരി മരിയ സോളിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്.
ഇന്റര്‍ മയാമിയിലെ കോച്ചിങ് സ്റ്റാഫ് അംഗങ്ങളില്‍ ഒരാളെയാണ് മരിയ വിവാഹം കഴിക്കാന്‍ പോകുന്നത്. മരിയക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ജനുവരി മൂന്നിന് നിശ്ചയിച്ചിരിക്കുന്ന വിവാഹം മാറ്റി വെച്ചു. മയാമിയില്‍ വെച്ച് മരിയ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു എന്നാണ് അര്‍ജന്റീന ടിവി ജേണലിസ്റ്റ് ആയ എയ്ഞ്ചല്‍ ഡി ബ്രിട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണങ്കയ്യിലും ഉപ്പുറ്റിക്കും നട്ടെല്ലിനും ഉള്‍പ്പെടെ ക്ഷതമേറ്റിട്ടുണ്ട്. മരിയ ജന്മദേശമായ റൊസാരിയോയിലേക്ക് മടങ്ങിയതായും എയ്ഞ്ചല്‍ ബ്രിട്ടോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. മെസിയുടെ അമ്മയുമായി എയ്ഞ്ചല്‍ സംസാരിക്കുകയും ഇരുവരും തമ്മിലുള്ള ടെക്സ്റ്റ് സന്ദേശം ഇദ്ദേഹം ടെലിവിഷനില്‍ വായിക്കുകയും ചെയ്തു.
'മെസിയുടെ സഹോദരി സുഖമായിരിക്കുന്നു. അപകടാവസ്ഥ തരണം ചെയ്തു. ജനുവരി മൂന്നിന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ വെച്ച് നടക്കേണ്ടിയിരുന്ന അവരുടെ വിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അത് മാറ്റിവെക്കേണ്ടി വരുമെന്നാണ് അറിഞ്ഞത്. മരിയയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലുകള്‍ ചികിത്സിക്കാന്‍ വളരെ പ്രയാസമാണ്. കൂടാതെ നട്ടെല്ലിലെ കശേരുക്കള്‍ക്ക് സ്ഥാനചലനവും സംഭവിച്ചിട്ടുണ്ട്,' എയ്ഞ്ചല്‍ ബ്രിട്ടോ വെളിപ്പെടുത്തി.
ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത് മെസിയുടെ സഹോദരി ഓടിച്ചിരുന്ന പിക്കപ്പ് ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ്. എന്നാല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
