/kalakaumudi/media/media_files/2025/07/17/liverpool-2025-07-17-20-24-05.jpg)
LIVERPOOL
ലണ്ടന്‍: കഴിഞ്ഞ സീസണില്‍ 20-ാം ലീഗ് കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം എത്തിയ ലിവര്‍പൂള്‍ വിശ്രമിക്കാന്‍ ഒരുക്കമല്ല. പകരം, 21ആം കിരീടവും ഒപ്പം യൂറോപ്പ്യന്‍ കിരീടവും നേടുക എന്ന ആഗ്രഹത്തോടെ അവര്‍ ഒരു വലിയ ടീമിനെ ഒരുക്കുകയാണ്. അവര്‍ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നടത്തുന്ന നീക്കങ്ങള്‍ അത് വ്യക്തമാക്കുന്നു.
വില്‍പനയില്‍ ലിവര്‍പൂള്‍ മികച്ചുനില്‍ക്കുന്നതുപോലെ, പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതിലും അവര്‍ ഒരുപടി മുന്നിലാണ്. ടീമിലെ പ്രധാന സ്ഥാനങ്ങളില്‍ മികച്ച കളിക്കാരെ പകരം കൊണ്ടുവരാന്‍ അവര്‍ സമയം കളഞ്ഞില്ല. ജെറമി ഫ്രിംപോങ്ങിന്റെ വരവോടെ റൈറ്റ് ബാക്കില്‍ മികച്ച അറ്റാക്കിംഗ് പ്രതിരോധനിരക്കാരനെ ലഭിച്ചു. കൂടാതെ യുവത്വവും ഊര്‍ജ്ജസ്വലതയും കൊണ്ടുവരാന്‍ മിലോസ് കെര്‍ക്കേസിനെയും ടീമിലെത്തിച്ചു.
എന്നാല്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കം ഫ്‌ലോറിയന്‍ വിര്‍ട്‌സിനെ ടീമിലെത്തിച്ചതാണ്. 115 ദശലക്ഷം യൂറോയ്ക്ക് ടീമിന്റെ ഭാഗമായ ഈ ജര്‍മ്മന്‍ പ്ലേമേക്കര്‍, ലിവര്‍പൂളിന് ആഭ്യന്തര ലീഗിലും യൂറോപ്പിലും ആധിപത്യം സ്ഥാപിക്കാനുള്ള താല്പര്യത്തിന്റെ വ്യക്തമായ സൂചന നല്‍കുന്നു.
ലിവര്‍പൂള്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രീമിയര്‍ ലീഗിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ന്യൂകാസിലിന്റെ അലക്‌സാണ്ടര്‍ ഇസാക്കിനായി 138 ദശലക്ഷം യൂറോയുടെ ബിഡ് സമര്‍പ്പിച്ചു. ഹ്യൂഗോ എകിറ്റിക്കെയെയും അവര്‍ ലക്ഷ്യമിടുന്നു, അതിനായി 85 ദശലക്ഷം യൂറോയുടെ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ രണ്ടില്‍ ഒരു സ്‌ട്രൈക്കര്‍ ടീമില്‍ എത്തും എന്ന് ഏതാണ്ട് ഉറപ്പാണ്. ഇവയെല്ലാം വെറും ഡെപ്ത് ബിള്‍ഡ് ചെയ്യാനുള്ള സൈനിംഗുകള്‍ മാത്രമല്ല, അടുത്ത കിരീടധാരണത്തിനുള്ള ആയുധങ്ങളാണ്.