മുംബൈയില്‍നിന്ന് സഹീറിനെ റാഞ്ചാന്‍ ലഖ്‌നൗ

ലഖ്‌നൗ ടീം അധികൃതര്‍ സഹീറിനെ സമീപിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗൗതം ഗംഭീറിനും മോണി മോര്‍ക്കലിനും പകരക്കാരനാകാന്‍ സഹീര്‍ ഖാന് കഴിയുമെന്നാണ് ടീം അധികൃതരുടെ വിലയിരുത്തല്‍.

author-image
Prana
New Update
zaheer
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍, ബൗളിംഗ് പരിശീലക സ്ഥാനങ്ങളിലേക്ക് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാനെ പരിഗണിക്കുന്നു. ലഖ്‌നൗ ടീം അധികൃതര്‍ സഹീറിനെ സമീപിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗൗതം ഗംഭീറിനും മോണി മോര്‍ക്കലിനും പകരക്കാരനാകാന്‍ സഹീര്‍ ഖാന് കഴിയുമെന്നാണ് ടീം അധികൃതരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഐപിഎല്‍ സീസണിന് മുമ്പായി ഗംഭീര്‍ ലഖ്‌നൗ വിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്നിരുന്നു. അതിനു ശേഷം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും ചുമതലയേറ്റു. ഇതിനുശേഷമാണ് ലഖ്‌നൗ ബൗളിംഗ് പരിശീലകനായിരുന്ന മോണി മോര്‍ക്കലും ഇന്ത്യന്‍ പരിശീലകസംഘത്തിനൊപ്പം ചേര്‍ന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍, ആഡം വോഗ്‌സ്, ലാന്‍സ് ക്ലൂസ്‌നര്‍, ജോണ്ടി റോഡ്‌സ് എന്നിവര്‍ക്കൊപ്പമാണ് സഹീറിനെ മെന്ററായി ലഖ്‌നൗ പരിഗണിക്കുന്നത്. ടീം മാനേജ്‌മെന്റിന്റെയും താരങ്ങളുടെയും ഇടയില്‍ മികച്ച ആശയവിനിമയം നടത്തുവാന്‍ സഹീര്‍ ഖാന് സാധിക്കുമെന്ന് ലഖ്‌നൗ ടീം അധികൃതര്‍ കരുതുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2022ല്‍ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യ രണ്ട് സീസണുകളിലും പ്ലേ ഓഫിലെത്താന്‍ ലഖ്‌നൗവിന് കഴിഞ്ഞു. ഈ രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു ലഖ്‌നൗവിന്റെ ഉപദേശകന്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് കെ എല്‍ രാഹുല്‍ നായകനായ ടീം ഫിനിഷ് ചെയ്തത്. മാറ്റങ്ങളോടെ അടുത്ത സീസണ്‍ ഐപിഎല്ലില്‍ മുന്നേറാനാവുമെന്നാണ് ലഖ്‌നൗവിന്റെ കണക്കുകൂട്ടലുകള്‍.

നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ക്രിക്കറ്റ് ഡെവലപ്പ്‌മെന്റിന്റെ തലപ്പത്താണ് സഹീര്‍ ഖാന്‍. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായി സഹീറുണ്ട്.

saheer khan lucknow super giants