/kalakaumudi/media/media_files/2025/09/20/samson-2025-09-20-10-53-49.jpg)
അബുദാബി: കടുത്ത ചൂടിനെ അവഗണിച്ച് ഗംഭീര പ്രകടനമാണ് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്.
അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വേണ്ടി സഞ്ജു 45 പന്തില്‍ 56 റണ്‍സാണ് അടിച്ചെടുത്തത്.
മൂന്ന് വീതം സിക്സും ഫോറും സഞ്ജു നേടി. അഭിഷേക് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്സുകളും മത്സരത്തില്‍ നിര്‍ണായകമായിരുന്നു.
വിക്കറ്റ് നഷ്ടങ്ങള്‍ക്കിടയിലും ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചിരുന്നത് സഞ്ജു ആയിരുന്നു.
മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തി. സഞ്ജുവിന്റെ കരിയറിലെ വേഗം കുറഞ്ഞ സെഞ്ചുറി ആണെങ്കില്‍ പോലും മാറ്റ് ഒട്ടും തന്നെ കുറഞ്ഞില്ല.
ഇതോടെ ഒരു റെക്കോഡ് കൂടി സഞ്ജുവിന്റെ പേരിലായി. ട്വന്റി 20യില്‍ മൂന്ന് തവണ മാന്‍ ഓഫ് ദി മാച്ചാവുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.
മറ്റു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ആരും തന്നെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. മത്സരത്തിന് ശേഷം സഞ്ജു തന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരുന്നു.
സഞ്ജുവിന്റെ വാക്കുകള്‍... ''കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഫിറ്റ്‌നെസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.
പുതിയ ഫീല്‍ഡിംഗ് പരിശീലകന് കീഴില്‍ ബ്രോങ്കോ ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു.
ക്രീസില്‍ ഒരുപാട് സമയം പിടിച്ചുനില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഒമാന്‍ ശരിക്കും നന്നായി പന്തെറിഞ്ഞു.
അവര്‍ക്കും ക്രഡിറ്റ് അര്‍ഹിക്കുന്നു. പവര്‍പ്ലേയിലും നന്നായി പന്തെറിഞ്ഞു. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബാറ്റുകൊണ്ട്, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്.
ഞാന്‍ അതിനെ പോസിറ്റീവായി എടുക്കുന്നു.'' സഞ്ജു മത്സരശേഷം പറഞ്ഞു.
ഇന്ത്യക്ക് മോശം തുടക്കം
രണ്ടാം ഓവറില്‍ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാ ഫൈസലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
ഗില്‍ മടങ്ങിയെങ്കില്‍ പപവര്‍ പ്ലേയില്‍ 60 റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജു - അഭിഷേക് സഖ്യത്തിന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ അഭിഷേക് മടങ്ങി.
സഞ്ജുവിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് പുറത്താവുന്നത്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.
അതേ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (1) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം.
ജിതേന്‍ രാമാനന്ദിന്റെ പന്ത് സഞ്ജു നേരെ കളിച്ചെങ്കിലും ക്യാച്ചെടുക്കാനുള്ള അവസരം ബൗളര്‍ നഷ്ടമാക്കി.
എന്നാല്‍ പന്ത് നോണ്‍സ്ട്രൈക്കിലെ സ്റ്റംപില്‍ പതിച്ചു. ഹാര്‍ദിക്കിന് മടങ്ങേണ്ടി വന്നു.
തുടര്‍ന്നെത്തിയ അക്സര്‍ 13 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു. സഞ്ജുവിനൊപ്പം 45 റണ്‍സാണ് അക്സര്‍ ചേര്‍ത്തത്.
13-ാം ഓവറില്‍ അക്സര്‍ മടങ്ങി. സഞ്ജുവാകട്ടെ ബാറ്റ് ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടി. ടൈമിംഗ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ല.
ഇതിനിടെ ശിവം ദുബെയും (5) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സഞ്ജു - തിലക് സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു.
സഞ്ജുവിനെ മടക്കി ഷാ ഫൈസല്‍ ഒമാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
തിലക് 19-ാം ഓവറില്‍ മടങ്ങി. അര്‍ഷ്ദീപ് സിംഗ് (1) അവസാന ഓവറില്‍ റണ്ണൗട്ടായി. ഹര്‍ഷിത് റാണ (13), കുല്‍ദീപ് യാദവ് (1) പുറത്താവാതെ നിന്നു.