/kalakaumudi/media/media_files/2024/12/11/mNdCRaJ99WnKd3r7lZuq.jpg)
ആസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. മൂന്നാം ഏകദിനത്തില്‍ 83 റണ്‍സിനാണ് ആസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 45.1 ഓവറില്‍ 215 റണ്‍സില്‍ എല്ലാവരും പുറത്തായി. വിജയത്തോടെ ആസ്‌ട്രേലിയന്‍ വനിതകള്‍ പരമ്പര 3-0ത്തിന് തൂത്തുവാരി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ആസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആനബെല്‍ സത്തര്‍ലാന്‍ഡിന്റെ സെഞ്ചുറി മികവിലാണ് ആസ്‌ട്രേലിയ വന്‍ സ്‌കോര്‍ നേടിയത്. 95 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും സഹിതം സത്തര്‍ലാന്‍ഡ് 110 റണ്‍സെടുത്തു. ക്യാപ്റ്റന്‍ താഹ്‌ലിയ മഗ്രാത്ത് 50 പന്തില്‍ പുറത്താകാതെ 56 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങില്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 109 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം മന്ദാന 105 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നിന് 189 എന്ന സ്‌കോറില്‍ നിന്നാണ് 215 റണ്‍സില്‍ ഇന്ത്യന്‍ സംഘം ഓള്‍ ഔട്ടായത്. ഓസ്‌ട്രേലിയയ്ക്കായി ആഷ്‌ലി ഗാര്‍ഡനര്‍ അഞ്ച് വിക്കറ്റെടുത്തു.