ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്തിയത് രോഹിത് ശര്‍മയെ വിരമിപ്പിക്കാനെന്ന് മനോജ് തിവാരി

2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ നിന്ന് ഗംഭീര്‍, യുവരാജ്, സെവാഗ് എന്നിവരെ ഒഴിവാക്കാനായി നടപ്പാക്കിയ യോ യോ ടെസ്റ്റ് പോലെ തന്നെയാണിതെന്നും ഇതും അതുപോലെ ചില കളിക്കാരെ ഒഴിവാക്കാനാണോ എന്ന് കാലം മറുപടി നല്‍കുമെന്നും മനോജ് തിവാരി പറഞ്ഞു.

author-image
Biju
New Update
ro

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കളിക്കാരുടെ ശാരീരികക്ഷമത അളക്കാന്‍ വരാനിരിക്കുന്ന പരമ്പരകളില്‍ ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം മനോജ് തിവാരി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍ ശാരീരികക്ഷമത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് വരാനിരിക്കുന്ന പരമ്പരകളില്‍ യോ യോ ടെസ്റ്റിനെക്കാള്‍ കടുപ്പമേറിയ ബ്രോങ്കോ ടെസ്റ്റും കളിക്കാര്ക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

സാധാരാണഗതിയില്‍ മികച്ച ശാരീരീകക്ഷമത ആവശ്യമുള്ള റഗ്ബി പോലുളള കായിക ഇനങ്ങളില്‍ കളിക്കാരുടെ ശാരീരികക്ഷമത അളക്കാനായാണ് ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്. ജൂണില്‍ പുതുതായി നിയമിതനായ സ്‌ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് അഡ്രിയാന്‍ ലെ റൗക്‌സിന്റെ കൂടെ നിര്‍ദേശമനുസരിച്ചാണ് കോച്ച് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പുതിയ ശാരീരികക്ഷമാ ടെസ്റ്റ് ഏര്‍പ്പെടുത്തുന്നത്.

എന്നാല്‍ 2027ലെ ഏകദിന ലോകകപ്പില്‍ നിന്ന് വിരാട് കോലിയെ പുറത്തുനിര്‍ത്തുക എന്നത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ലെന്ന് മുന്‍ ഇന്ത്യ താരം മനോജ് തിവാരി പറഞ്ഞു. കോലിയുടെ ശാരീരീകക്ഷമതവെച്ചു നോക്കിയാല്‍ കോലിയെ ലോകകപ്പിന് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ രോഹിത്തിന്റെ കാര്യം അങ്ങനെയല്ല. രോഹിത്തിനെ ഭാവി ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ രോഹിത്തിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ കടുപ്പമറിയ ശാരീരികക്ഷമതാ ടെസ്റ്റായ ബ്രോങ്കോ ടെസ്റ്റ് കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗഭീര്‍ ഇന്ത്യന്‍ പരിശീലകനായത്. ഒരുവര്‍ഷത്തിനുശേഷം കളിക്കാര്‍ക്ക് ബ്രോങ്കോ ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതിന് പിന്നില്‍ മറ്റ് ഉദ്ദ്യേശങ്ങളുണ്ടെന്ന് വ്യക്തമാണ്. അല്ലായിരുന്നെങ്കില്‍ കോച്ച് ആയി ചുമതലയേറ്റയുടനെ കടുപ്പമേറിയ ഫിറ്റ്‌നെസ് ടെസ്റ്റ് ഗംഭീര്‍ കളിക്കാര്‍ക്ക് നിര്‍ദേശിക്കുമായിരുന്നു.

അല്ലെങ്കില്‍ ഇതാരുടെ ആശയമാണെന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത് നടപ്പാക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കണം. ഏകദിന ക്രിക്കറ്റില്‍ മാത്രം കളിക്കുന്ന രോഹിത് ശര്‍മയെപ്പോലെ ഫിറ്റ്‌നെസില്‍ കാര്യമായി ശ്രദ്ധിക്കാത്ത കളിക്കാര്‍ക്ക് ബ്രോങ്കോ ടെസ്റ്റ് പാസാകവുക എളുപ്പമല്ലെന്നും രോഹിത്തിനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഗംഭീര്‍ ഇത് കൊണ്ടുവന്നതെന്നും മനോജ് തിവാരി പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ നിന്ന് ഗംഭീര്‍, യുവരാജ്, സെവാഗ് എന്നിവരെ ഒഴിവാക്കാനായി നടപ്പാക്കിയ യോ യോ ടെസ്റ്റ് പോലെ തന്നെയാണിതെന്നും ഇതും അതുപോലെ ചില കളിക്കാരെ ഒഴിവാക്കാനാണോ എന്ന് കാലം മറുപടി നല്‍കുമെന്നും മനോജ് തിവാരി പറഞ്ഞു.

തുടര്‍ച്ചയായി 20, 40, 60 മീറ്റര്‍ ദൂരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടി നിര്‍ത്താതെ 1200 മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കുക എന്നതാണ് ബ്രോങ്കോ ടെസ്റ്റില്‍ ചെയ്യുന്നത്. ആറ് മിനിറ്റിനുള്ളില്‍ ഇത്രയും ദൂരം ഓടി പൂര്‍ത്തിയാക്കണം. ഇന്ത്യന്‍ ടീമിലുള്ള ചില താരങ്ങള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വരാനിരിക്കുന്ന പരമ്പരകളിലും ബ്രോങ്കോ ടെസ്റ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രത്യേകിച്ച് പേസ് ബൗളര്‍മാരുടെ ശാരീരികക്ഷമത നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ്, ഏകദിന ടീമിലുള്ള താരങ്ങള്‍ക്കായിരിക്കും പ്രധാനമായും ബ്രോങ്കോ ടെസ്റ്റുണ്ടാകുക എന്നാണ് കരുതുന്നത്.

bcci rohith sharma