Manu Bhakar & Sarabhjot
പാരിസ് : ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കു വീണ്ടും വെങ്കല മെഡല്‍ പ്രതീക്ഷ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല പോരാട്ടത്തിന് യോഗ്യത നേടി മനു ഭാകറും സരബ്‌ജോത് സിങ്ങും. ഇന്ത്യന്‍ സഖ്യം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ഒരു ചെറിയ പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യന്‍ ഷൂട്ടിങ് സഖ്യത്തിന് സ്വര്‍ണ മെഡല്‍ പോരാട്ടം നഷ്ടമായത്. 580 പോയിന്റാണ് ഇരു താരങ്ങളും യോഗ്യതാ റൗണ്ടില്‍ നേടിയത്. സൗത്ത് കൊറിയ 579 പോയിന്റോടെ നാലാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.
വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ദക്ഷിണകൊറിയയാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍. ഒ യെ ജിന്നും ലീ വോന്‍ ഹോയും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കും. ഇതേയിനത്തില്‍ മത്സരിച്ച റിഥം സങ്‌വാനും അര്‍ജുന്‍ ചീമയും 10-ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണു മത്സരം. 582 പോയിന്റോടെ തുര്‍ക്കിയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയതത്. 582 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് സെര്‍ബിയയാണ്.
പാരീസ് ഒളിംപിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് എന്നും ഓര്‍ത്തുവെയ്ക്കാവുന്ന ഒന്നാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകര്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടി. 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയാണ് കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു.