ചെലവിന് പോലും പണമില്ല; പൊതുപരിപാടിക്ക് ആരും വിളിക്കുന്നില്ല, വിങ്ങിപ്പൊട്ടി ബംഗ്ലദേശ് ലോകകപ്പ് താരം

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കുടുംബത്തെ ആരും വിവാഹം ക്ഷണിക്കാറില്ലെന്നും മറുഫ വിഡിയോയില്‍ പറയുന്നു. വിങ്ങിക്കരഞ്ഞുകൊണ്ടാണ് ബംഗ്ലദേശ് താരം വിഡിയോയില്‍ സംസാരിക്കുന്നത്.

author-image
Biju
New Update
bengla

മുംബൈ: ക്രിക്കറ്റ് താരമാകുന്നതിനു മുന്‍പ് ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു മനസ്സു തുറന്ന് ബംഗ്ലദേശിന്റെ ലോകകപ്പ് താരം മറൂഫ അക്തര്‍. വനിതാ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്നതിനിടെയാണ് ബംഗ്ലദേശ് പേസറുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കുടുംബത്തെ ആരും വിവാഹം ക്ഷണിക്കാറില്ലെന്നും മറുഫ വിഡിയോയില്‍ പറയുന്നു. വിങ്ങിക്കരഞ്ഞുകൊണ്ടാണ് ബംഗ്ലദേശ് താരം വിഡിയോയില്‍ സംസാരിക്കുന്നത്.

''വിവാഹം പോലുള്ള ഒത്തുചേരലുകള്‍ക്കൊന്നും അവര്‍ ഞങ്ങളെ വിളിക്കാറില്ല. ഞങ്ങള്‍ക്കു നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണെന്നു പറയും. അവിടെയൊക്കെ പോയാല്‍ ഞങ്ങള്‍ക്ക് ഉള്ള വില കൂടി നഷ്ടമാകും. അങ്ങനെയാണ് അവര്‍ പറയുക. ഈദിനു പുതിയ വസ്ത്രങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കാത്ത സമയമുണ്ടായിരുന്നു. എന്റെ പിതാവ് കര്‍ഷകനാണ്, കൈവശം ആവശ്യത്തിനു പണമുണ്ടാകില്ല. ഗ്രാമത്തിലെ ആളുകളും പിന്തുണയ്ക്കില്ല.''

''ഇപ്പോഴുള്ള അവസ്ഥയിലേക്കു ഞങ്ങളെത്തിയിട്ട് അധികകാലമായിട്ടില്ല. പല ആണ്‍കുട്ടികള്‍ക്കും ചെയ്യാന്‍ സാധിക്കാത്തതുപോലെ ഞാനിപ്പോള്‍ എന്റെ വീട്ടുകാരെ നോക്കുന്നുണ്ട്. അക്കാര്യത്തില്‍ എനിക്ക് സമാധാനമുണ്ട്. ആളുകള്‍ എന്നെ ആരാധനയോടെ നോക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് അദ്ഭുതമാണ്. ടിവിയില്‍ എന്നെ കാണുമ്പോള്‍ നാണം വരും.'' മറൂഫ പറഞ്ഞു.

പാക്കിസ്ഥാനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ഏഴോവറുകള്‍ പന്തെറിഞ്ഞ മറൂഫ 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ബംഗ്ലദേശ് ഏഴു വിക്കറ്റിനു വിജയിച്ച മത്സരത്തിലെ പ്ലേയര്‍ ഓഫ് ദ് മാച്ച് മറൂഫ ആയിരുന്നു.

bengladesh