എംബാപ്പെ പിഎസ്ജിക്കെതിരായ കേസ് പിന്‍വലിച്ചു

2023-24 സീസണിന്റെ തുടക്കത്തില്‍ എംബാപ്പെയോട് പിഎസ്ജി കാണിച്ച സമീപനമാണ് പരാതിക്ക് കാരണം.

author-image
Jayakrishnan R
New Update
Kylian mbappe



 പാരീസ്: കിലിയന്‍ എംബാപ്പെ തന്റെ മുന്‍ ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നെതിരായ (പിഎസ്ജി) മെന്റല്‍ ഹറാസ്‌മെന്റ് കേസ് ഔദ്യോഗികമായി പിന്‍വലിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എംബാപ്പെയുടെ നിലവിലെ ടീമായ റയല്‍ മാഡ്രിഡ്, ക്ലബ് ലോകകപ്പ് സെമിഫൈനലില്‍ പിഎസ്ജിയെ നേരിടാന്‍ ഒരുങ്ങവെ ആണ് ഈ തീരുമാനം.

2023-24 സീസണിന്റെ തുടക്കത്തില്‍ എംബാപ്പെയോട് പിഎസ്ജി കാണിച്ച സമീപനമാണ് പരാതിക്ക് കാരണം.കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് ഫോര്‍വേഡിനെ പ്രീ-സീസണ്‍ ഏഷ്യന്‍ ടൂറില്‍ നിന്ന് ഒഴിവാക്കുകയും ക്ലബ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്ന കളിക്കാര്‍ക്കൊപ്പം പരിശീലിക്കാന്‍ നിയോഗിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

പിന്നീട് ക്ലബ്ബുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം എംബാപ്പെ ആദ്യ ടീമില്‍ തിരിച്ചെത്തിയെങ്കിലും, ഈ വിഷയം ഫ്രഞ്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പാരീസ് പ്രോസിക്യൂട്ടര്‍ ഓഫീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു. മറ്റ് പ്രൊഫഷണലുകളോടും സമാനമായ പെരുമാറ്റം നടത്തുന്നതിനെക്കുറിച്ച് ഫ്രാന്‍സിന്റെ കളിക്കാരുടെ യൂണിയന്‍ ആശങ്ക ഉന്നയിക്കാനും ഈ സംഭവം കാരണമായി.
എംബാപ്പെ ഏഴ് സീസണുകളാണ് പിഎസ്ജിയില്‍ കളിച്ചത്. 308 മത്സരങ്ങളില്‍ നിന്ന് 256 ഗോളുകള്‍ നേടിയിട്ടുണ്ട്. പിഎസ്ജി തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് തൊട്ടുമുമ്പാണ് അദ്ദേഹം കഴിഞ്ഞ വേനല്‍ക്കാലത്ത് റയല്‍ മാഡ്രിഡില്‍ ചേര്‍ന്നത്.

കേസ് ഇപ്പോള്‍ അവസാനിച്ചെങ്കിലും, മറ്റൊരു നിയമപോരാട്ടം തുടരുകയാണ്. ഫ്രഞ്ച് ദേശീയ ടീം നായകന്‍ പിഎസ്ജിയില്‍ നിന്ന് ലഭിക്കാനുള്ള 55 ദശലക്ഷം യൂറോയുടെ ശമ്പളവും ബോണസുകളും ഇപ്പോഴും തേടുന്നുണ്ട്. ഇതിനായുള്ള നിയമനടപടികള്‍ തുടരും.

football sports