![smith australia](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2024/12/26/CQfVbY6Z5kIs60hUhR44.jpg)
ഇന്ത്യക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് കളി നിര്‍ത്തുമ്പോള്‍ ആറിന് 311 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്ത് (68), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (8) എന്നിവരാണ് ക്രീസില്‍. ശക്തമായ നിലയിലായിരുന്ന ഓസീസിന്റെ നാല് വിക്കറ്റുകള്‍ പൊടുന്നനെ വീഴ്ത്തിയാണ് ഇന്ത്യ മത്സരത്തിലേക്കു തിരിച്ചെത്തിയത്. ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്മിത്തിനെ കൂടാതെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറി നേടി. കഴിഞ്ഞ ടെസ്റ്റുകളിലെ ഹീറോ ട്രാവിസ് ഹെഡ് മെല്‍ബണില്‍ പൂജ്യത്തിന് പുറത്തായി.
മികച്ച തുടക്കമാണ് അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് -ഖവാജ സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് ചേര്‍ത്തു. 19കാരന്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു കൂടുതല്‍ അപകടമുണ്ടാക്കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 62 പന്തില്‍ 60 റണ്‍സ് എടുത്തു. രണ്ട് സിക്‌സുകളും ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ആയിരുന്നു എന്നുള്ളതാണു സവിശേഷത. രവീന്ദ്ര ജഡേജയുടെ പന്തില്‍ കോണ്‍സ്റ്റാസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മര്‍നസ് ലബുഷെയ്ന്‍ ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് 65 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബുമ്ര ഖവാജയെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ സ്മിത്ത് ലബുഷെയ്‌നുമായി ചേര്‍ന്ന് ആസ്‌ട്രേലിയയെ മുന്നോട്ടു നയിച്ചു. 83 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ വേഗത്തില്‍ മൂന്ന് വിക്കറ്റികള്‍ ഓസീസിന് നഷ്ടമായി. ലബുഷെയ്‌നെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ട്രാവിസ് ഹെഡിന് ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. ബുമ്രയുടെ പന്തില്‍ പൂജ്യനായി ബൗള്‍ഡ്. മിച്ചല്‍ മാര്‍ഷിനും (4) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബുമ്രയെ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഒമ്പത് റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ (31) ഇന്നിംഗ്‌സ് ഓസീസിന് നേരിയ ആശ്വാസം നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ വളരെ കുറച്ച് ഓവറുകള്‍ മാത്രമുള്ളപ്പോള്‍ താരം പുറത്തായത് തിരിച്ചടിയായി. ആകാശ് ദീപിനായിരുന്നു വിക്കറ്റ്. സ്മിത്തിനൊപ്പം 53 റണ്‍സ് ചേര്‍ത്താണ് ക്യാരി മടങ്ങുന്നത്. പിന്നാലെ ക്രീസിലെത്തിയ കമ്മിന്‍സ്, സ്മിത്തിനൊപ്പം ചേര്‍ന്ന് വിക്കറ്റ് പോവാതെ കാത്തു.
നേരത്തെ, ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണു പുറത്തായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മെല്‍ബണില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. കെഎല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ആസ്‌ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്.