മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു ഡിസംബറിന് കളമൊരുങ്ങുന്നു. ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരിലൊരളായ ലയണല്‍ മെസ്സി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ മൂന്ന് നഗരങ്ങളില്‍ സന്ദര്‍ശനം നടത്തും. പര്യടനത്തിലെ പ്രധാന പരിപാടി ഡിസംബര്‍ 14-ന് മുംബൈയിലെ ഐക്കോണിക് വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കും.
വിസ്‌ക്രാഫ്റ്റ് (Wizcraft) സംഘടിപ്പിക്കുന്ന ടിക്കറ്റ് വെച്ച് പ്രവേശനം അനുവദിക്കുന്ന ഈ വലിയ പരിപാടിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ ക്രിക്കറ്റര്‍മാരും ഈ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൊല്‍ക്കത്തയില്‍, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉന്നതതല ചടങ്ങില്‍ മെസ്സിയെ ആദരിക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ, യുവ കളിക്കാര്‍ക്കായി മെസ്സി ഫുട്‌ബോള്‍ വര്‍ക്ക്‌ഷോപ്പുകളും ഒരു ക്ലിനിക്കും നടത്തും. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഏഴ് കളിക്കാര്‍ വീതമുള്ള ഒരു പ്രത്യേക 'GOAT CUP' ടൂര്‍ണമെന്റും സംഘടിപ്പിക്കും.
ഡല്‍ഹി സന്ദര്‍ശനത്തില്‍ മാധ്യമങ്ങളുമായുള്ള ആശയവിനിമയങ്ങളും ആരാധകരുമായുള്ള പരിപാടികളും പ്രതീക്ഷിക്കുന്നു, ഇത് അര്‍ജന്റീനിയന്‍ ഇതിഹാസവുമായി ഇന്ത്യക്കുള്ള വൈകാരിക ബന്ധം കൂടുതല്‍ ദൃഢമാക്കും.
നേരത്തെ, കേരള കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസങ്ങളില്‍ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയെ ഒരു സൗഹൃദ മത്സരത്തിനായി മെസ്സി നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അതിഥികളായി മുഴുവന്‍ സര്‍ക്കാര്‍ പിന്തുണയോടെയാകും ടീം കേരളത്തിലെത്തുക. എന്നാല്‍ അതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
ഇപ്പോള്‍ 38 വയസ്സുള്ള മെസ്സി, ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. 2011-ല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിന് ശേഷം മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
ലോകകപ്പ് വിജയങ്ങള്‍ മുതല്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ വരെ, മെസ്സിയുടെ വരവ് ഇന്ത്യയെ ആവേശത്തിലാഴ്ത്തുമെന്നും, ഡിസംബര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മാസമായിരിക്കുമെന്നും ഉറപ്പാണ്.