/kalakaumudi/media/media_files/2025/01/05/cJmU2mV5bhFrh1KZdT8e.jpg)
വിജയ് ഹസാരെ ട്രോഫിയില്‍ കൗമാരതാരം ആയുഷ് മാത്രെയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ മുംബൈയ്ക്ക് ജയം. സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ 93 പന്തില്‍ ഒന്‍പതു സിക്‌സും 10 ഫോറും ഉള്‍പ്പെടെ 148 റണ്‍സാണ് 17കാരന്‍ അടിച്ചെടുത്തത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗരാഷ്ട 50 ഓവറില്‍ 289ന് ഓള്‍ഔട്ടായി. സൂര്യന്‍ഷ് ഷെഡ്‌ഗെ നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ മുംബൈ 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഗംഭീരമായാണ് മുംബൈ ഇന്നിംഗ്‌സ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മാത്രെ - ജയ് ഗോകുല്‍ ബിസ്ത (45) സഖ്യം 141 റണ്‍സ് ചേര്‍ത്തു. 18ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗോകുലിനെ ധര്‍മേന്ദ്രസിംഗ് ജഡേജ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ന്നെത്തിയ സിദ്ധേഷ് ലാഡിന് (14) തിളങ്ങാനായില്ല. ജയദേവ് ഉനദ്ഖടിനായിരുന്നു വിക്കറ്റ്. 30ാം ഓവറിലാണ് മാത്രെ മടങ്ങുന്നത്.
പ്രസാദ് പവാര്‍ (30), ഷെഡ്‌ഗെ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. അഞ്ചിന് 266 എന്ന നിലയില്‍ നില്‍ക്കെ അഥര്‍വ അങ്കോളേക്കര്‍ (16)- ശ്രേയസ് അയ്യര്‍ (13) സഖ്യം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ വിശ്വരാജ് ജഡേജ (92), ചിരാഗ് ജനി (83) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സൗരാഷ്ട്രയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. തരംഗ് ഗൊഹെല്‍ (44), പാര്‍ത്ഥ് ഭട്ട് (31) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷെഡ്‌ഗെയ്ക്ക് പുറമെ ലാഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.