/kalakaumudi/media/media_files/Bh2ibO0BHtuPH1ENHxuu.jpg)
മയാമി: ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ നടന്ന ലീഗ്സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ടീം അറ്റ്‌ലസിനെ 2-1ന് ഇന്റര്‍ മിയാമി പരാജയപ്പെടുത്തി. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ലയണല്‍ മെസ്സിയായിരുന്നു.
മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍, 96-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് മാര്‍സെലോ വെയ്ഗാന്റ് അനായാസം വലയിലെത്തിച്ചു. ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും, വി എ ആര്‍ പരിശോധനയില്‍ ഗോള്‍ അനുവദിക്കുകയും മിയാമിക്ക് മൂന്ന് പോയിന്റ് നേടിക്കൊടുക്കുകയും ചെയ്തു.
നേരത്തെ, 57-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്സുമായി ചേര്‍ന്നുള്ള നീക്കത്തിനൊടുവില്‍ ടെലാസ്‌കോ സെഗോവിയക്ക് മെസ്സി പന്ത് നല്‍കി. അത് സെഗോവിയ അനായാസം ഫിനിഷ് ചെയ്തു. 80-ാം മിനിറ്റില്‍ ജോസ് ലോസാനോയിലൂടെ അറ്റ്‌ലസ് സമനില ഗോള്‍ നേടി.
എം എല്‍ എസ് ഓള്‍-സ്റ്റാര്‍ ഗെയിം നിയമങ്ങള്‍ കാരണം കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട മെസ്സിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ കളി.