58–ാം വയസിൽ മൈക്ക് ടൈസന്റെ തിരിച്ചുവരവ്; 27കാരൻ ജേക്ക് പോളിനോട് പൊരുതി തോറ്റ് മടക്കം

എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം.

author-image
Vishnupriya
New Update
pa

ടെക്സസ് : പ്രായത്തെ മറികടന്നുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളുമായുള്ള പോരാട്ടത്തിലാണ് മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസൻ പരാജയപ്പെട്ടത്. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്. എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം. ജൂലൈ 20ന് നടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന മത്സരം, മൈക്ക് ടൈസന് ഉദരരോഗം വന്നതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

മൂന്നാം റൗണ്ട് മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയാണ് ജേക്ക് പോളിന്റെ വിജയം. എക്കാലത്തെയും മികച്ച ഇതിഹാസ താരമാണ് ടൈസനെന്ന്, മത്സരശേഷം ജേക്ക് പോൾ പ്രതികരിച്ചു. ഇത് തന്റെ അവസാന മത്സരമല്ലെന്ന്, റിങ്ങിലേക്ക് വീണ്ടും തിരിച്ചെത്തുമെന്ന സൂചനകൾ നൽകി ടൈസനും വ്യക്തമാക്കി.

6 വർഷം മുൻപു പ്രഫഷനൽ ബോക്സിങ്ങിലേക്കു വന്ന പോളിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്. 2005ൽ ബോക്സിങ് റിങ്ങിൽനിന്നു വിരമിച്ച ടൈസൻ നാലുവർഷം മുൻപാണ് അവസാനമായൊരു പ്രദർശന മത്സരത്തിനിറങ്ങിയത്. റോയ് ജോൺസ് ജൂനിയറുമായി നടന്ന ആ മത്സരത്തിന് ഒപ്പം നടന്ന മറ്റൊരു പ്രദർശന മത്സരത്തിൽ ജേക്ക് പോളും പങ്കെടുത്തിരുന്നു.

മാത്രമല്ല, അൻപത്തിയെട്ടുകാരനായ ടൈസനും ഇരുപത്തിയേഴുകാരനായ ജേക്ക് പോളും തമ്മിലുള്ള മത്സരത്തിന് ചില ഇളവുകളും പ്രഖ്യാപിച്ചിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള ബൗട്ട് ഇത്തവണ 8 ആക്കി ചുരുക്കി. 3 മിനിറ്റിനു പകരം ഓരോ റൗണ്ടിന്റെയും സമയം 2 മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാൻ കട്ടികൂടിയ ബോക്സിങ് ഗ്ലൗസുകളാണ് ഇരുവർക്കും നൽകിയത്.

പ്രഫഷനൽ ബോക്സറാകും മുൻപ് യുഎസിലെ പ്രശസ്തനായ യുട്യൂബറും നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്നു ജേക്ക് പോൾ. 2013 സെപ്റ്റംബറിൽ യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്തു തുടങ്ങിയ പോളിന് 53 ലക്ഷം ഫോളോവേഴ്സും 200 കോടി വ്യൂസും ലഭിച്ചിരുന്നു. ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ (2017, 2018, 2021, 2023), യുട്യൂബ് ക്രിയേറ്റർമാരിൽ ഏറ്റവുമധികം പണം സമ്പാദിക്കുന്നവരിൽ ഒരാളായി മാറി. 2018ൽ പ്രഫഷനൽ ബോക്സിങ് ആരംഭിച്ചു. ടൈസനുമായി നടക്കുക ആദ്യത്തെ ഹെവിവെയ്റ്റ് പോരാട്ടം. മുൻപു 11 പോരാട്ടങ്ങളിൽ പത്തിലും ജയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മിക്സ്ഡ് മാർഷ്യൽ ആർട്സ് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആയിരുന്നു.

jake paul myke tyson boxing