mohammad shami with his daughter aaira
ലഖ്‌നൗ: വളരെ കാലത്തിനുശേഷം മകളെ കണ്ട സന്തോഷം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി.നീണ്ട കാലത്തിന് ശേഷം മകൾ ഐറയെ വീണ്ടും കണ്ട നിമിഷം സമയം പോലും നിലച്ചുപോയെന്നും അവളോടുള്ള തന്റെ സ്‌നേഹം വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ലെന്നുമാണ് ഇരുവരുമൊത്തുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഷമി കുറിച്ചത്.
'ഒരുപാടു നാളത്തെ ഇടവേളയ്ക്കുശേഷം അവളെ വീണ്ടും കണ്ടപ്പോൾ സമയം നിലച്ചുപോയി. വാക്കുകൾക്ക് നിർവചിക്കാൻ കഴിയുന്നതിനുമപ്പുറം ഞാൻ നിന്നെ സ്‌നേഹിക്കുന്നു ബേബോ' - എന്നാണ് മകളുമൊത്തുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഷമി കുറിച്ചത്. ഇരുവരും സന്തോഷത്തോടെ ഷോപ്പിങ്മാളിൽ കറങ്ങുന്ന വീഡിയോയാണ് ഷമി പങ്കുവെച്ചത്.മകൾക്കൊപ്പം ഷോപ്പിങ്ങിന് പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
എന്തായാലും ഈ അച്ഛന്റെയും മകളുടെയും സന്തോഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഷമി പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലാണ്. മുൻഭാര്യ സഹിൻ ജഹാനിൽ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേർപെടുത്തിയതോടെ ഐറ അമ്മ ഹസിൻ ജഹാനൊപ്പമാണ് ഐറയുടെ താമസം.
2012-ൽ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിൻ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎൽ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാൾ 10 വയസിനു മൂത്ത ഹസിന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവർഷങ്ങൾക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിൻ വിവാഹമോചനം നേടിയത്.