ബ്രിസ്‌ബൺ : ടെസ്റ്റ് മത്സരങ്ങൾ വേണ്ടെന്ന് വെച്ചത് മുഹമ്മദ് ഷമി തന്നെ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം ടെസ്റ്റ് ടീമിൽ ചേരുമെനന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന്,ബിസിസിഐ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ 2025 ചാമ്പ്യൻസ് ട്രോഫിക്കും 2025ലെ ഐപിഎലിനും തയ്യാറെടുക്കുന്നതിനായാണ് ഷമി ടെസ്റ്റ് മത്സരങ്ങൾ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം നിലവിൽ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുകയാണ്.
ബുംറയും മുഹമ്മദ് സിറാജും മാത്രമാണ് പരമ്പരയിൽ ഇന്ത്യയുടെ പരിചയസമ്പന്നരായ ഫാസ്റ്റ് ബൗളർമാർ. മൂന്നാം പേസറായി ഹർഷിത് റാണയും ആകാശ് ദീപുമാണ് ഇതുവരെ കളിച്ചത്.എന്നാൽ, ഫാസ്റ്റ് ബൗളിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി നേരിടുകയാണ്.ഈ ഘട്ടത്തിൽ,പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പരിക്കിൽ നിന്ന് മുക്തനായി ഉടൻ ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഓസീസിനെതിരായ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിൽ ചേരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഞെട്ടിക്കുന്ന തീരുമാനവുമായാണ് മുഹമ്മദ് ഷമി എത്തിയത്. ഇതനുസരിച്ച് ഇനി ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നാണ് ഷമിയുടെ തീരുമാനം.അതേ സമയം,വരാനിരിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയിലും ഐപിഎൽ പരമ്പരകളിലും കളിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്നാണ് അറിയിച്ചത്.
2023ലെ ഏകദിന ലോകകപ്പിനിടെ മുഹമ്മദ് ഷമിക്ക് കാലിന് പരിക്കു പറ്റിയിരുന്നു.ഏറെ നേരം മൈതാനത്ത് തുടർന്നാൽ ബൗളിങ് ചെയ്‌താൽ കാൽമുട്ട് വീർക്കുന്നുണ്ടാകും. അതിനായി സർജറിക്ക് വിധേയനായെന്നും അതിൽ നിന്ന് കരകയറാനുള്ള പരിശീലനത്തിലായിരുന്നുവെന്നും ഷമി പറയുന്നു . എന്നാൽ പ്രശ്‌നം പൂർണമായി ഭേദമായിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അതുകൊണ്ട് ലോ ഓവർ മത്സരങ്ങളിൽ മാത്രം പങ്കെടുക്കാനാണ് ഷമിയുടെ തീരുമാനം.ടെസ്റ്റ് മത്സരങ്ങളിൽ ഇറങ്ങിയാൽ കാൽമുട്ടിന് പ്രശ്‌നം രൂക്ഷമാകുമെന്ന ഭയത്താലാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്നാണ് സൂചന.