കിരീടവും മെഡലുകളും കൈമാറാന്‍ ഉപാധിവച്ച് മൊഹ്‌സിന്‍ നഖ്വി

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം നിലപാടെടുത്തതിനെ തുടര്‍ന്നാണ് ജേതാക്കളായ ഇന്ത്യക്ക് കിരീടം സമ്മാനിക്കാതിരുന്നത്.

author-image
Biju
New Update
naqvi

ദുബായ്: ഏഷ്യാ കപ്പ് കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഇന്ത്യന്‍ ടീമിന് എപ്പോള്‍ കൈമാറുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ ഏഷ്യ കപ്പ് കിരീടവും മെഡലുകളും ഇന്ത്യന്‍ ടീമിന് കൈമറാന്‍ പാക് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി പുതിയ ഉപാധി മുന്നോട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം നിലപാടെടുത്തതിനെ തുടര്‍ന്നാണ് ജേതാക്കളായ ഇന്ത്യക്ക് കിരീടം സമ്മാനിക്കാതിരുന്നത്.

ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും നഖ്വി സ്റ്റേഡിയം വിട്ടുപോയപ്പോള്‍ കൂടെയുള്ളവര്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഷ്യാ കപ്പ് കിരീടം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. 

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് നടക്കുമോ എന്ന കാര്യം ഉറപ്പില്ല. ഇതിനിടെ ജേതാക്കള്‍ക്കുള്ള ട്രോഫിയും മെഡലുകളും കൈമാറാമെന്നും എന്നാല്‍ അതിനൊരു കണ്ടീഷനുണ്ടെന്നും നഖ്വി സംഘാടകരെ അറിയിച്ചുവെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രോഫിയും മെഡലുകളും സ്വകാര്യ ചടങ്ങില്‍ വെച്ച് മാത്രമെ കൈമാറൂവെന്നും അത് താന്‍ തന്നെയാകും കൈമാറുകയെന്നും നഖ്വി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് സ്വകാര്യ ചടങ്ങില്‍ പോലും കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീമോ ബിസിസിഐ പ്രതിനിധകളോ തയാറാവില്ലെന്നുറപ്പാണ്.

 ഇതോടെ ഏഷ്യാ കപ്പ് കിരീടം എപ്പോള്‍ ബിസിസിഐ ആസ്ഥാനത്ത് എത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നീളുമെന്നും ഉറപ്പായി. ഏഷ്യാ കപ്പ് ഫൈനലിനുശേഷം മുക്കാല്‍ മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പാകിസ്ഥാന്‍ ടീമിന് റണ്ണേഴ്‌സ് അപ്പ് ചെക്കും താരങ്ങള്‍ക്കുള്ള മെഡലുകളും കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന വ്യക്തിഗത പുരസ്‌കാരങ്ങള്‍ മാത്രമാണ് സ്വീകരിച്ചത്. നഖ്വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ താരങ്ങള്‍ ഉറച്ചുനിന്നതോടെ രോഷത്തോടെ നഖ്വി സ്റ്റേഡിയം വിടുകയായിരുന്നു പിന്നാലെ ട്രോഫിയും മെഡലുകളും കൊണ്ടുപോയി. ഇതിനുശേഷം ട്രോഫിയില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ കിരീട നേട്ടം ആഘോഷിച്ചത്.

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്‌കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 

എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

asia cup bcci