ഇറാനില്‍ കളിക്കില്ലെന്ന് ബഗാന്‍; ചാമ്പ്യന്‍സ് ലീഗില്‍നിന്ന് പുറത്ത്

ഈ മാസം രണ്ടിന് ഇറാനിയന്‍ ക്ലബ്ബായ ട്രാക്ടര്‍ എഫ് സിയുമായിട്ടായിരുന്നു മോഹന്‍ ബഗാന്‍ കളിക്കേണ്ടിയിരുന്നത്. ഇറാനിലെ ടബ്രിസിലാണ് മത്സരം നിശ്ചയിച്ചിരുന്നത്.

author-image
Prana
New Update
mohun bagan

സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയതോടെ മോഹന്‍ ബഗാനെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2ല്‍ നിന്ന് പുറത്താക്കി. ഈ മാസം രണ്ടിന് ഇറാനിയന്‍ ക്ലബ്ബായ ട്രാക്ടര്‍ എഫ് സിയുമായിട്ടായിരുന്നു മോഹന്‍ ബഗാന്‍ കളിക്കേണ്ടിയിരുന്നത്. ഇറാനിലെ ടബ്രിസിലാണ് മത്സരം നിശ്ചയിച്ചിരുന്നത്.
മത്സരത്തിന് തൊട്ട് മുമ്പുള്ള ദിവസം ഇറാന്‍ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തുകയും ഇതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് 2ല്‍ ഇറാനില്‍ നടന്ന സെഫാന്‍ഇസ്റ്റിക്ലോല്‍ ഡുഷാന്‍ബെ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിന് മുകളില്‍ കൂടി ഇസ്രായേലിന്റെ മിസൈലുകള്‍ പറന്നിരുന്നു. ഇതോടെ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മോഹന്‍ ബഗാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ലബനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇറാന്‍ ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇത് മേഖലയിലെ സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചിരുന്നു.
മോഹന്‍ ബഗാനെ പുറത്താക്കിയതോടെ ബഗാന്റെ മത്സരഫലങ്ങളെല്ലാം അസാധുവായതായി എഎഫ്‌സി വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ ടീമുകളുടെ ഫൈനല്‍ റാങ്കിംഗ് തീരുമാനിക്കുമ്പോള്‍ ബാഗനുമായുള്ള മത്സരങ്ങളിലെ ഗോളുകളോ പോയന്റുകളോ കണക്കാക്കില്ലെന്നും എ എഫ് സി പറഞ്ഞു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ തജക്കിസ്ഥാന്‍ ഫുട്‌ബോള്‍ ക്ലബ്ബായ റാഷവാനെതിരെ മോഹന്‍ ബഗാന്‍ ഗോള്‍രഹിത സമനില പിടിച്ചിരുന്നു.

israel iran war mohun bagan AFC Champions League