/kalakaumudi/media/media_files/RfFBvLlrJHHtrmuDrJkJ.jpeg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോണി മോര്‍ക്കലിനെ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നു മുതലാണ് മോര്‍ക്കലുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത് . ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് കോച്ചായി നിയമിതാനാകുമെന്ന് ശ്രീലങ്കന്‍ പര്യടനത്തിനു മുന്നേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഐ.പി.എല്‍. ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിലവിലെ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ടീമിന്റെ ഉപദേശകനായിരുന്നപ്പോള്‍ മോര്‍ക്കല്‍ ബൗളിങ് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ മുന്‍പ് ഇരുവരും മൂന്ന് സീസണുകളില്‍ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. പാകിസ്താന്റെ ബൗളിങ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 19-ന് ബംഗ്ലാദേശിനെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മോര്‍ക്കല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കും. ദക്ഷിണാഫ്രിക്കയ്ക്കായി 2006 മുതല്‍ 2018 വരെ 247 മത്സരങ്ങള്‍ കളിച്ച താരം 544 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടി20കളുമാണ് കളിച്ചത്. ടെസ്റ്റില്‍ 309 വിക്കറ്റുകളും ഏകദിനത്തില്‍ 188 വിക്കറ്റുകളും ടി20 യില്‍ 47 വിക്കറ്റുകളുമാണ് നേടിയത്.