/kalakaumudi/media/media_files/2025/10/09/dhoni-2025-10-09-20-14-11.jpg)
മുംബൈ: എം എസ് ധോണി 2026ലെ ഐപിഎല്‍ സീസണില്‍ കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അതിന് ഇടയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ധോണി പ്രത്യക്ഷപ്പെട്ടതിന്റെ ഞെട്ടലില്‍ ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍.
മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ ഉള്ള ടാങ്ക് ടോപ്പ് ഇട്ടാണ് ധോണി സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഫോട്ടോയിലുള്ള മറ്റുള്ളവര്‍ ഫുട്‌ബോള്‍ ബൂട്ട്‌സ് ധരിച്ചിട്ടുണ്ട്. ധോണി സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ മത്സരം കളിക്കുന്നതിന് ഇടയിലെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എന്തിനാണ് ധോണി മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ ഉള്ള വസ്ത്രം അണിഞ്ഞത് എന്നാണ് ആരാധകരുടെ ചോദ്യം.മുംബൈ ഇന്ത്യന്‍സിലേക്ക് ഒരു ചുവടുമാറ്റം ധോണി ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. എന്നാല്‍ അതിന് സാധ്യതയില്ല. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക പരിപാടികളില്‍ ഒന്നുമല്ല ധോണി പങ്കെടുത്തിരിക്കുന്നത്.
അടുത്ത സീസണ്‍ ആവുമ്പോള്‍ ധോണിയുടെ പ്രായം 44ലേക്ക് എത്തും. 2026 ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധോണിയെ അലട്ടിയിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ ധോണി താഴേക്ക് ഇറങ്ങുന്നതിന് എതിരെ കഴിഞ്ഞ സീസണിലും വിമര്‍ശനം ശക്തമായിരുന്നു.
ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തന്നെ സപ്പോര്‍ട്ട് സ്റ്റാഫ് റോളില്‍ ധോണി ഉണ്ടാകും എന്നാണ് സിഎസ്‌കെ ആരാധകരുടെ പ്രതീക്ഷ. ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന ടീമിനേക്കാള്‍ ധോണിയെയാണ് സിഎസ്‌കെ ആരാധകര്‍ സ്‌നേഹിക്കുന്നത് എന്ന് പലവട്ടം വ്യക്തമായിട്ടുണ്ട്. ധോണിയുടെ ബാറ്റിങ് കാണുന്നതിനായി മറ്റ് ബാറ്റര്‍മാര്‍ ഔട്ട് ആവണം എന്ന് ഗ്യാലറിയില്‍ നിന്ന് ഉറക്കെ വിളിച്ചു പറയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും ഉണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
