/kalakaumudi/media/media_files/2025/02/21/7FTKMPXfQ4v0PbOucQzO.jpg)
മുംബൈ: ഗായികയും ആശാ ഭോസ്ലെയുടെ കൊച്ചുമകളുമായ സനായി ഭോസ്ലെ പങ്കുവച്ച പാട്ട് വിഡിയോ വൈറലാകുന്നു. സനായിയുടെ സംഗീത ആല്‍ബത്തിലെ 'കെഹന്ദി ഹേ' എന്ന പാട്ടിന്റെ വരികളാണ് ഗായിക ആലപിച്ചത്. ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും ഉണ്ട്. ഇരുവരും ഒന്നിച്ചു പാടുന്നതിന്റെ വിഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു.
സനായിയും മുഹമ്മദ് സിറാജും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രചാരണങ്ങള്‍ അതിരുവിട്ടതോടെ 'പ്രിയപ്പെട്ട സഹോദരാ' എന്ന അടിക്കുറിപ്പോടെ സിറാജിനൊപ്പമുള്ള ചിത്രം സനായി പങ്കുവച്ചത് പ്രണയ ചര്‍ച്ചകള്‍ക്കു വിരാമമിടുകയും ചെയ്തു. എന്നാലിപ്പോള്‍ വീണ്ടും ഇരുവരുമൊന്നിച്ച് ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത് അഭ്യൂഹങ്ങളെ ബലപ്പെടുത്തുകയാണ്. 'സ്വപ്നങ്ങളെ പിന്തുടരാന്‍ കാരണക്കാരനായവനേ' എന്ന കുറിപ്പോടെയാണ് സനായി, സിറാജിനൊപ്പമുള്ള വിഡിയോ പങ്കിട്ടത്.
ആശ ഭോസ്ലെയുടെ മകന്‍ ആനന്ദ് ഭോസ്ലെയുടെയും അനുജയുടെയും മകളാണ് സനായി ഭോസ്ലെ. കഴിഞ്ഞ വര്‍ഷം ആശ ഭോസ്ലെക്കൊപ്പം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതോടെയാണ് സനായി സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയത്. പിന്നീടിങ്ങോട്ട് ആശയ്‌ക്കൊപ്പം നിരവധി പൊതു പരിപാടികളില്‍ സനായി പങ്കെടുത്തു. ആശ പലതവണ സനായിക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഗീതരംഗത്ത് ഏറെ സജീവമാണ് സനായി ഭോസ്ലെ.