ലക്‌നൗ : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് വാഹനാപകടത്തില്‍ പരിക്ക്. പിതാവ് നൗഷാദ് ഖാനോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇറാനി കപ്പ് കളിക്കാനായി അസംഗഡില്‍ നിന്ന് ലക്‌നൗവിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. റോഡില്‍വച്ച് നിയന്ത്രണം നഷ്ടമായ കാര്‍ പലതവണ മലക്കം മറിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അപകട കാരണം എന്താണെന്നു വ്യക്തമല്ല.
മുഷീര്‍ ഖാന്റെ കഴുത്തിനാണു പരുക്കേറ്റത്. മുംബൈയുടെ താരമായ മുഷീറിന് ഇറാനി കപ്പ് മത്സരം നഷ്ടമാകും. മൂന്നൂ മാസത്തിലേറെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണു റിപ്പോര്‍ട്ടുകള്‍. രഞ്ജി ട്രോഫിയിലെ ഏതാനും മത്സരങ്ങളും മുഷീര്‍ ഖാന് നഷ്ടമായേക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്റെ സഹോദരനാണ് 19 വയസ്സുകാരനായ മുഷീര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണു താരത്തിനു പരുക്കേല്‍ക്കുന്നത്.
അജിന്‍ക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീര്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിയ്ക്ക് വേണ്ടി ഒരു സെഞ്ച്വറി മുഷീര്‍ നേടിയിരുന്നു. സീനിയര്‍ ടീമിലേക്ക് പരിഗണിക്കാനിരിക്കെയാണ് 19 കാരന് തിരിച്ചടി നേരിട്ടത്. വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ പ്രധാന ഫ്രാഞ്ചൈസികള്‍ താരത്തെ നോട്ടമിട്ടിരുന്നു. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ മുഷീര്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഏഴ് മത്സരങ്ങളില്‍ നിന്നായി 360 റണ്‍സ് നേടിയ താരം ടൂര്‍ണമെന്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരില്‍ രണ്ടാമതായിരുന്നു.