മുഷ്താഖ് അലി ട്രോഫി: കേരളത്തെ കീഴടക്കി മഹാരാഷ്ട്ര

അകന്നുതുടങ്ങിയ ലക്ഷ്യത്തെ അവസാന ഓവറുകളിലെ വെടിക്കെട്ടില്‍ വരുതിയിലാക്കിയ ദിവ്യാങ് ഹിന്‍ഗനേക്കറാണ് മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിച്ചത്. ഹിന്‍ഗനേക്കര്‍ 18 പന്തില്‍ 43 റണ്‍സുമായി  പുറത്താവാതെ നിന്നു.

author-image
Prana
New Update
kerala loses

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരേ കേരളത്തിന് തോല്‍വി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് കേരളം പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം മുന്നോട്ടുവച്ച 188 റണ്‍സ് വിജയലക്ഷ്യം മഹാരാഷ്ട്ര 19.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അകന്നുതുടങ്ങിയ ലക്ഷ്യത്തെ അവസാന ഓവറുകളിലെ വെടിക്കെട്ടില്‍ വരുതിയിലാക്കിയ ദിവ്യാങ് ഹിന്‍ഗനേക്കറാണ് മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിച്ചത്. ഹിന്‍ഗനേക്കര്‍ 18 പന്തില്‍ 43 റണ്‍സുമായി  പുറത്താവാതെ നിന്നു. രാഹുല്‍ ത്രിപാദി 28 പന്തില്‍ 44 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. രോഹന്‍ കുന്നുമ്മല്‍ (45), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (പുറത്താവാതെ 40) എന്നിവരുടെ ഇന്നിങ്‌സുകളാണ് കേരളത്തിന് കരുത്തായത്. കേരളത്തിന് ഭേദപ്പെട്ട തുടക്കമായിരുന്നു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ കുന്നുമ്മേലും 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സഞ്ജുവിനെ (19) അര്‍ഷിന്‍ കുല്‍ക്കര്‍ണി പുറത്താക്കി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദിനും (9) സല്‍മാന്‍ നിസാറിനും (1) അധികനേരം ക്രീസില്‍ തുടരാനായില്ല. ഇതോടെ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലായി. പിന്നീടെത്തിയ അസറുദ്ദീനെ കൂട്ടുപിടിച്ച് രോഹന്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു. 24 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സെടുത്ത് രോഹന്‍ മടങ്ങി.
രോഹന്‍ മടങ്ങിയെങ്കിലും സച്ചിനൊപ്പം ചേര്‍ന്ന് അസറുദ്ദീന്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന വിക്കറ്റില്‍ 48 റണ്‍സാണ് പിറന്നത്. 29 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 40 റണ്‍സെടുത്ത് അസറുദ്ദീന്‍ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ അബ്ദുള്‍ ബാസിത് (14 പന്തില്‍ 24) സ്‌കോര്‍ 150 കടത്തി. പിന്നാലെയെത്തിയ വിനോദ് കുമാറും (0) അതേ ഓവറില്‍ പുറത്തായി. അഖില്‍ സ്‌കറിയ (4), സച്ചിന്‍ ബേബിക്കൊപ്പം (40) പുറത്താവാതെ നിന്നു.
188 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനെ (1) തുടക്കം തന്നെ മഹാരാഷ്ട്രയ്ക്ക് നഷ്ടമായി. വണ്‍ഡൗണായി എത്തിയ രാഹുല്‍ ത്രിപാദി അര്‍ഷിന്‍ കുല്‍ക്കര്‍ണി സഖ്യം രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുല്‍ക്കര്‍ണിയെ (28 പന്തില്‍ 44) പുറത്താക്കി അബ്ദുള്‍ ബാസിത് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. കുല്‍ക്കര്‍ണി മടങ്ങിയെങ്കിലും എ എന്‍ കാസിയെ (32) കൂട്ടുപിടിച്ച് ത്രിപാദി 49 റണ്‍സും ചേര്‍ത്തു. പിന്നാലെ എന്‍ എസ് നായ്ക്ക് (10), ധന്‍രാജ് ഷിന്‍ഡെ (4) എന്നിവരും നിരാശപ്പെടുത്തിയതോടെ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെന്ന നിലയിലായി.
അവസാന ഓവറില്‍ ഏഴ് റണ്‍സാണ് മഹാരാഷ്ട്രയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കേരളം വിജയിക്കുമെന്ന് തോന്നിച്ച നിമിഷം മഹാരാഷ്ട്രയുടെ ഹിന്‍ഗനേക്കര്‍ ഒരറ്റത്ത് ഉറച്ചുനിന്ന് വിജയം പിടിച്ചെടുത്തു. ഏഴാമനായി ക്രീസിലെത്തിയ ഹിന്‍ഗനേക്കര്‍ 18 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 43 റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍എസ് ഘോഷ് (5 പന്തില്‍ പുറത്താവാതെ 13) നിര്‍ണായക സംഭാവന നല്‍കി.

maharashtra kerala Syed Mushtaq Ali Trophy T20 tournament