മുഷ്താഖ് അലി ട്രോഫി: സഞ്ജു തിളങ്ങി; കേരളത്തിനു ജയം

ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.

author-image
Prana
New Update
sanju

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ സര്‍വീസസിനെതിരേ കേരളത്തിന് മൂന്ന് വിക്കറ്റ് ജയം. ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 45 പന്തില്‍ നേടിയ 75 റണ്‍സാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. രോഹന്‍ കുന്നുമ്മല്‍ 27 റണ്‍സെടുത്തു. നേരത്തെ അഞ്ച് വിക്കറ്റെടുത്ത അഖില്‍ സ്‌കറിയയാണ് സര്‍വീസസിനെ ഒതുക്കിയത്. നിധീഷ് എംഡി രണ്ട് വിക്കറ്റെടുത്തു. 
150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ഓപ്പണിംഗ് വിക്കറ്റില്‍ സഞ്ജു - രോഹന്‍ സഖ്യം 73 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കം നല്‍കി. വിശാല്‍ ഗൗറിന് വിക്കറ്റ് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. അതേ ഓവറില്‍ വിഷ്ണു വിനോദും (4) മടങ്ങി. ഇതോടെ രണ്ടിന് 77 എന്ന നിലയിലായി കേരളം. പിന്നാലെ മുഹമ്മദ് അസറുദ്ദീനൊപ്പം 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി സഞ്ജു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. ആദ്യം അസറിനെ (11) അമിത് ശുക്ല പുറത്താക്കി. പിന്നാലെ സഞ്ജു പുല്‍കിത് നാരംഗിന്റെ പന്തില്‍ ലോംഗ് ഓഫില്‍ ക്യാച്ച് നല്‍കി. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ആദ്യ ഓവറില്‍ തന്നെ 18 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിക്കും (6), അബ്ദുള്‍ ബാസിത്തിനും (1), അഖില്‍ (1) തിളങ്ങാനായില്ല. എന്നാല്‍ സല്‍മാന്‍ നിസാര്‍ (17), സിജോമോന്‍ ജോസഫ് (0)  എന്നിവര്‍ കേരളത്തെ വിജയത്തിലേക്ക് നയിച്ചു. പുല്‍കിത് നാല് വിക്കറ്റ് വീഴ്ത്തി. 
നേരത്തെ അഞ്ച് വിക്കറ്റ് നേടിയ അഖില്‍ നാല് വിക്കറ്റും ഒരോവറിലാണ് സ്വന്തമാക്കിയത്. നാല് ഓവറില്‍ 30 റണ്‍സ് മാത്രമാണ് അഖില്‍ വഴങ്ങിയത്. 29 പന്തില്‍ 41 റണ്‍സെടുത്ത മോഹിത് അഹ്ലാവദാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. മോശം തുടക്കമായിരുന്നു സര്‍വീസസിന്. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കുമാര്‍ പതക് (16), രോഹില്ല (2) എന്നിവരെ നിതീഷ് പുറത്താക്കുകയായിരുന്നു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി സര്‍വീസസ്. 
പിന്നാലെ വിതീക് ധന്‍കര്‍ (35)  മോഹിത് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ മോഹിത്തിനെ പുറത്താക്കി സിജോ മോന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നാണ് മോഹിത്തിനൊപ്പം അരുണ്‍ കുമാര്‍ (22 പന്തില്‍ 28) ചേര്‍ന്നത്. ഇരുവരും 49 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു. എന്നാല്‍ അരുണിനെ പുറത്താക്കി വിനോദ് കുമാര്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ 19ാം ഓവറില്‍ അഹ്ലാവദിനെ, അഖില്‍ സ്‌കറിയയും മടക്കി. തൊട്ടടുത്ത പന്തില്‍ പി എസ് പൂനിയ (0)യും നാലാം പന്തില്‍ എം എസ് രതിയേയും (8) അവസാന പന്തില്‍ ഗൗരവ് ശര്‍മയേയും (1) അഖില്‍ മടക്കി.

kerala Syed Mushtaq Ali Trophy T20 tournament services Sanju Samson