/kalakaumudi/media/media_files/CoidrC4CQ6nGPirOyWfi.jpg)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ച് മലയാളിയും. തൃശൂര്‍ സ്വദേശിയും കേരളവര്‍മ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇനാനാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാന്‍.
ബാറ്റിംഗ് ഓള്‍ റൗണ്ടറാണ് ഇനാന്‍. വലംകൈകൊണ്ട് ബാറ്റ് ചെയ്യുന്ന താരം വലതുകൈകൊണ്ട് തന്നെ ബൗളിംഗും ചെയ്യുന്നു. ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് ഉള്‍പ്പടെയുള്ളവര്‍ ടീമിലുണ്ട്. പരമ്പരയില്‍ മൂന്ന് ഏകദിനവും രണ്ട് ചതുര്‍ദിന മത്സരവുമാണുള്ളത്.
ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 21, 23, 26 തിയതികളില്‍ പുതുച്ചേരിയില്‍ നടക്കും. പിന്നാലെ ഏക ചതുര്‍ദിന മത്സരം സെപ്റ്റംബര്‍ 30 മുതല്‍ ചെന്നൈയില്‍ ആരംഭിക്കും. ഏകദിന ടീമിനെ ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് അമാനും ചതുര്‍ദിന മത്സരത്തില്‍ മധ്യപ്രദേശ് സ്വദേശി സോഹം പട്വര്‍ധനും നയിക്കും.