/kalakaumudi/media/media_files/2025/09/21/toss-2025-09-21-19-42-49.jpg)
ദുബായ്: ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനിലേക്കു തിരിച്ചെത്തി. അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തിരിക്കും. ഗ്രൂപ്പ് ഘട്ടപോരാട്ടത്തില്‍ പാക്കിസ്ഥാനെ നേരിട്ട അതേ ടീമുമായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലും ഇറങ്ങുന്നത്.
കളിക്കരുത്തിലും സമീപകാല ഫോമിലും പാക്കിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും സമഗ്രാധിപത്യം പുലര്‍ത്തിയ ഇന്ത്യ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാനെതിരെ നേടിയത്. ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ എത്തിയതെങ്കില്‍ രണ്ടു ജയവും ഒരു തോല്‍വിയുമാണ് പാക്കിസ്ഥാന്റെ അക്കൗണ്ടിലുള്ളത്.
അഭിഷേക് ശര്‍മ മുതല്‍ ശിവം ദുബെ വരെ നീളുന്ന പവര്‍ ഹിറ്റര്‍മാരാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. ഗ്രൂപ്പ് മത്സരത്തിലൊന്നും ഇന്ത്യന്‍ ബാറ്റിങ്ങിന് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. ഒമാനെതിരായ അവസാന മത്സരത്തില്‍ മാത്രമാണ് ഇന്ത്യന്‍ മധ്യനിരയ്ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച പേസര്‍ ജസ്പ്രീത് ബുമ്രയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഇന്ന് ടീമില്‍ തിരിച്ചെത്തും. വരുണ്‍ കുല്‍ദീപ് യാദവ് സ്പിന്‍ ജോടിക്കൊപ്പം അക്ഷര്‍ പട്ടേല്‍ കൂടി ചേരുന്നതോടെ ബോളിങ് നിര ഭദ്രം.
ശരാശരിയില്‍ മാത്രം ഒതുങ്ങിയ ഗ്രൂപ്പ് ഘട്ട പ്രകടനങ്ങളില്‍ നിന്നു പുറത്തുവരാനാകും ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാന്റെ ശ്രമം. ആദ്യ 3 മത്സരത്തിലും പൂജ്യത്തിനു പുറത്തായ ഓപ്പണര്‍ സയിം അയൂബിന്റെ ഫോം അവരെ അലട്ടുന്നുണ്ട്. മധ്യനിരയില്‍ സ്ഥിരതയുള്ള ഒരു ബാറ്ററുടെ അഭാവവും ടീമിന് തലവേദനയാണ്. ബോളിങ്ങില്‍ പേസര്‍മാരായ ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും മികവു തെളിയിച്ചേ മതിയാകൂ. അബ്രാര്‍ അഹമ്മദ് നയിക്കുന്ന സ്പിന്‍ നിരയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
