/kalakaumudi/media/media_files/2025/08/29/neeraj-chopra-2025-08-29-09-23-36.jpg)
സൂറിക്: ഡയമണ്ട് ലീഗ് ഫൈനലില്‍ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയുടെ (85.01 മീറ്റര്‍) പോരാട്ടം വെള്ളി മെഡലില്‍ അവസാനിച്ചു. പുരുഷ ജാവലിന്‍ത്രോയില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (91.51 മീറ്റര്‍) ചാംപ്യനായപ്പോള്‍ തന്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താന്‍ നീരജിനായില്ല. അഞ്ചാം റൗണ്ടുവരെ മൂന്നാംസ്ഥാനത്തായിരുന്ന നീരജ് അവസാന ത്രോയിലാണ് ട്രിനിഡാഡിന്റെ കെഷോണ്‍ വാല്‍ക്കോട്ടിനെ പിന്തള്ളി (84.95 മീറ്റര്‍) രണ്ടാംസ്ഥാനമുറപ്പിച്ചത്.
2022 സീസണില്‍ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് ചോപ്ര അതിനുശേഷം തുടര്‍ച്ചയായ മൂന്നാം സീസണിലാണ് വെള്ളിയുമായി മടങ്ങുന്നത്. കഴിഞ്ഞവര്‍ഷം ബല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ വെറും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് കിരീടം നഷ്ടമായത്. സ്വര്‍ണം നഷ്ടമായെങ്കിലും തുടര്‍ച്ചയായ 26ാം ജാവലിന്‍ മത്സരത്തിലും ആദ്യ 2 സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കാന്‍ നീരജിന് കഴിഞ്ഞു.
മേയില്‍ ദോഹ ഡയമണ്ട് ലീഗ് മീറ്റില്‍ നീരജിനെ പിന്തള്ളി ഒന്നാമതെത്തിയ ജര്‍മന്‍ താരം ജൂലിയന്‍ വെബര്‍ വീണ്ടും ഇന്ത്യയുടെ വില്ലനായി മാറുകയായിരുന്നു. ആദ്യ റൗണ്ടില്‍ 91.37 മീറ്റര്‍ പിന്നിട്ട വെബര്‍ സീസണിലെ ലോകത്തെ ഏറ്റവും മികച്ച പ്രകടനത്തോടെ ലീഡെടുത്തു. ആദ്യ റൗണ്ടില്‍ 84.35 മീറ്റര്‍ മാത്രം പിന്നിടാനായ നീരജ് ആകട്ടെ കെഷോണ്‍ വാല്‍ക്കോട്ടിനും പിന്നില്‍ മൂന്നാംസ്ഥാനത്തേക്ക് താഴ്ന്നു.
വെബറിനെ മറികടന്ന് ഡയമണ്ട് ലീഗ് കിരീടം നേടണമെങ്കില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തണമെന്ന അവസ്ഥയിലായി അതോടെ നീരജ്. അതിന്റെ സമ്മര്‍ദം നീരജിന്റെ പ്രകടനത്തെയും ബാധിച്ചപ്പോള്‍ രണ്ടാം ഊഴത്തില്‍ 91.51 മീറ്റര്‍ എറിഞ്ഞിട്ട് വെബര്‍ മികവിന്റെ ഗ്രാഫ് വീണ്ടുമുയര്‍ത്തി. രണ്ടാം റൗണ്ടില്‍ 82 മീറ്ററുമായി പിന്നോട്ടുപോയ നീരജ് അതിനുശേഷം തുടര്‍ച്ചയായി 3 ഫൗളുകള്‍ വഴങ്ങിയത് തിരിച്ചടിയായി. മെഡല്‍ നഷ്ടമാകുമോയെന്ന് ആശങ്കപ്പെട്ട ഇന്ത്യന്‍ ആരാധകരെ അവസാന ത്രോയിലൂടെയാണ് നീരജ് വെള്ളി മെഡലിന്റെ ആശ്വാസത്തിലേക്കുയര്‍ത്തിയത്.