ദോഹ ഡയമണ്ട് ലീഗ്, മത്സരിക്കാന്‍ നീരജ് ചോപ്ര

കഴിഞ്ഞ വര്‍ഷം ദോഹ ഡയമണ്ട് ലീഗില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. നീരജ് വെള്ളി നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാകുബ് വാഡ്‌ലെഷിനായിരുന്നു സ്വര്‍ണം.

author-image
Biju
New Update
Neeraj Chopra

ദോഹ: അത്‌ലറ്റിക്‌സിലെ ലോകതാരങ്ങള്‍ മാറ്റുരക്കുന്ന ദോഹ ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര ഇത്തവണയും പങ്കെടുക്കും. ഡയമണ്ട് ലീഗ് പോരാട്ടങ്ങളിലെ മൂന്നാംവേദിയായ ദോഹയില്‍ മെയ് 16നാണ് കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഡയമണ്ട് ലീഗില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ആവേശം പകര്‍ന്ന താരം ഇത്തവണയും മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം സീസണിലാണ് നീരജ് ദോഹയില്‍ മത്സരിക്കാനെത്തുന്നത്. നീരജിന്റെ പുതിയ സീസണിന് തുടക്കം കൂടിയാവും ഖത്തറിലെ മത്സരം. 

കഴിഞ്ഞ വര്‍ഷം ദോഹ ഡയമണ്ട് ലീഗില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. നീരജ് വെള്ളി നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജാകുബ് വാഡ്‌ലെഷിനായിരുന്നു സ്വര്‍ണം. 2023 ല്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നഷ്ടമായ നീരജ് ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. 

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം നടക്കുന്നതിനാല്‍ മികച്ച താരങ്ങളെല്ലാം ഖത്തറിലെത്തിയേക്കും. സീസണിലെ ഡയമണ്ട് ലീഗിന്റെ മൂന്നാമത് മീറ്റാണ് ദോഹയില്‍ നടക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി 15 ഇവന്റുകളാണ് ഡമയണ്ട് ലീഗിനുള്ളത്. ഏപ്രില്‍ 26ന് സിയാമെനില്‍ ആരംഭിച്ച് ആഗസ്റ്റ് 27-28 ദിവസങ്ങളില്‍ സൂറിച്ചില്‍ നടക്കുന്ന ഫൈനലോടെയാണ് ഡയമണ്ട് ലീഗിന് അവസാനം കുറിക്കുക.

 

neeraj chopra