ക്രിക്കറ്റില്‍ ഇനി അടിമുടി മാറ്റങ്ങള്‍;

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ (2025-27) ഇവയില്‍ ചിലത് ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും വൈറ്റ്-ബോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ജൂലൈ 2 മുതലാണ് നടപ്പിലാകുക.

author-image
Jayakrishnan R
New Update
icc logo

icc logo


 

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റ് നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സമയമാണിത്. സ്റ്റോപ്പ് ക്ലേക്ക്, ഉമിനീര് ഉപയോ?ഗവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്നിവയാണ് ഇതില്‍ ശ്രദ്ധേയം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ (2025-27) ഇവയില്‍ ചിലത് ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും വൈറ്റ്-ബോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ജൂലൈ 2 മുതലാണ് നടപ്പിലാകുക. പുതിയ നിയമപ്രകാരം ഏകദിനത്തില്‍ 35-ാം ഓവറിന് ശേഷം ഒരു ബോള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ സ്റ്റോപ്പ് ക്ലോക്ക് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ്പ് ക്ലോക്ക് നടപ്പിലാക്കുകയാണ് ഐസിസി. ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ് കുറഞ്ഞ ഓവര്‍ നിരക്ക്. സ്റ്റോപ്പ് ക്ലോക്ക് സംവിധാനം അനുസരിച്ച്, ഒരു ഓവര്‍ അവസാനിച്ച് ഒരു മിനിറ്റിനുള്ളില്‍ ഫീല്‍ഡിംഗ് ടീം അടുത്ത ഓവര്‍ ആരംഭിക്കാന്‍ തയ്യാറായിരിക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ അമ്പയര്‍മാര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കും. ഇതിന് ശേഷം, ബൗളിംഗ് ടീമിന് അമ്പയര്‍മാര്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും. ഓരോ 80 ഓവറിന് ശേഷവും ഈ മുന്നറിയിപ്പുകള്‍ പുതുക്കുന്നതായിരിക്കും. കൂടാതെ, ക്ലോക്ക് 0 മുതല്‍ 60 വരെ മുന്നോട്ടാണ് സമയം രേഖപ്പെടുത്തുക. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ തുടക്കം മുതല്‍ ഈ നിയമം നിലവിലുണ്ട്.

പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുകയാണെങ്കിലും പന്തില്‍ ഉമിനീര്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അമ്പയര്‍മാര്‍ അത് മാറ്റണമെന്ന് നിര്‍ബന്ധമില്ലെന്ന് ഐസിസി വ്യക്തമാക്കി. പന്ത് മാറ്റാനായി ടീമുകള്‍ മനഃപൂര്‍വ്വം അതില്‍ ഉമിനീര്‍ പുരട്ടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. മത്സരം പുരോ?ഗമിക്കവെ പന്തിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടെങ്കില്‍ മാത്രമേ അമ്പയര്‍മാര്‍ അത് മാറ്റേണ്ടതുള്ളൂ. ഇക്കാര്യം പൂര്‍ണ്ണമായും അമ്പയര്‍മാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുന്നു. ഉമിനീര്‍ പുരട്ടിയിട്ടും പന്തില്‍ മാറ്റമൊന്നും വന്നില്ലെങ്കില്‍ ഇതേ പന്ത് തന്നെ ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ ബാറ്റിം?ഗ് ടീമിന് 5 റണ്‍സ് നല്‍കും.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു ബാറ്റര്‍ കീപ്പര്‍ ക്യാച്ചിലൂടെ പുറത്തായെന്ന് സങ്കല്‍പ്പിക്കുക. ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തെ ബാറ്റര്‍ റിവ്യൂവിലൂടെ ചോദ്യം ചെയ്യുന്നു. റിവ്യൂ പരിശോധിച്ചപ്പോള്‍ പന്ത് ബാറ്റിന് പകരം ബാറ്ററുടെ പാഡിലാണ് ഉരസിയതെന്ന് കണ്ടെത്തുന്നു. ഇതോടെ ബാറ്റര്‍ നോട്ട് ഔട്ട് ആണെന്ന തരത്തിലേയ്ക്ക് അമ്പയര്‍ തന്റെ തീരുമാനം മാറ്റുന്നു. എന്നാല്‍, പുതിയ മാറ്റങ്ങള്‍ പ്രകാരം പന്ത് പാഡില്‍ തട്ടിയതിനാല്‍ എല്‍ബിഡബ്ല്യുവിനുള്ള സാധ്യത കൂടി പരിശോധിക്കും. ബോള്‍ ട്രാക്കിംഗ് പരിശോധിച്ച ശേഷം തേര്‍ഡ് അമ്പയര്‍ അന്തിമ തീരുമാനത്തിലേയ്ക്ക് എത്തും. ബോള്‍ ട്രാക്കിം?ഗ് പരിശോധനയില്‍ അമ്പയേഴ്സ് കോള്‍ ആണെങ്കില്‍ നേരത്തേ അമ്പയര്‍ ഔട്ട് നല്‍കിയത് പരിഗണിച്ച് ബാറ്റര്‍ ഔട്ടായതായി കണക്കാക്കും.

ഒരു നോബോളില്‍ ക്യാച്ചിലൂടെ ബാറ്റര്‍ പുറത്താകുകയാണെങ്കില്‍ സാധാരണ നിലയില്‍ ക്യാച്ചിന്റെ ആധികാരികത പരിശോധിക്കാറില്ല. എന്നാല്‍, പുതിയ നിയമം അനുസരിച്ച് ക്യാച്ച് കൃത്യമായി പൂര്‍ത്തിയാക്കിയോ എന്ന് പരിശോധിക്കും. ക്യാച്ചില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ ബാറ്റിംഗ് ടീമിന് നോബോളിന്റെ ഒരു റണ്‍ മാത്രമേ ലഭിക്കൂ. ക്യാച്ചില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയ റണ്ണും ലഭിക്കും.

ഒരു ബാറ്റര്‍ റണ്ണിനായി ഓടുകയും എന്നാല്‍ ക്രീസില്‍ കൃത്യമായി കുത്താതിരിക്കുകയും ചെയ്താല്‍ അടുത്ത പന്ത് ഇവരില്‍ ഏത് ബാറ്റര്‍ നേരിടണമെന്ന കാര്യം ഫീല്‍ഡിംഗ് ടീം ക്യാപ്റ്റന് തീരുമാനിക്കാം. അഞ്ച് റണ്‍സ് പെനാല്‍റ്റിയും ലഭിക്കും.

ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇക്കാര്യം മാച്ച് ഒഫീഷ്യലുകള്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ ടീമുകള്‍ക്ക് മുഴുവന്‍ സമയ പകരക്കാരെ കളിപ്പിക്കാന്‍ സാധിക്കും.


 

cricket sports