/kalakaumudi/media/media_files/2025/01/28/qhKPFdBcKQmMXfaDuETS.jpg)
Neymar
റിയാദ്: സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാല്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അല്‍ ഹിലാലുമായുളള കരാര്‍ റദ്ദാക്കിയാല്‍ നെയ്മര്‍ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരികെ പോകുമെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് പരിക്കുമൂലം ടീമിനായി വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്. കഴിഞ്ഞ 18 മാസത്തിനിടെ അല്‍ഹിലാലിലിനായി ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്.
ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന് നേടാനായത്. പരിക്കില്‍ നിന്ന് മോചിതനാവാന്‍ സമയമെടുക്കുമെന്നതിനാല്‍ അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജെ ജീസസ് സൗദി പ്രോ ലീഗിനുള്ള ടീം ലിസ്റ്റില്‍ നിന്ന് നെയ്മറെ ഒഴിവാക്കിയിരുന്നു.
കാല്‍മുട്ടിലെ ലിഗ്മെന്റിനേറ്റ പരിക്കുമൂലം ആദ്യ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ നെയ്മര്‍ കഴിഞ്ഞ ഒക്ടോബറില്‍ കളിക്കളത്തില്‍ തിരിച്ചെത്തിയെങ്കിലും പേശികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാര്‍ റദ്ദാക്കാന്‍ അല്‍ ഹിലാല്‍ തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നും സൂചനയുണ്ട്. കരാര്‍ റദ്ദാക്കുന്നില്ലെങ്കില്‍ വായ്പാ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നെയ്മറെ സാന്റോസിന് കൈമാറുന്നതിനെക്കുറിച്ചും അല്‍ ഹിലാല്‍ ആലോചിക്കുന്നുണ്ട്.
2034ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാവുന്നത് സൗദി അറേബ്യയാണ്. ഇതിന്റെ ഭാഗമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊക്കൊപ്പം നെയ്മറെയും ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സൗദി ഭരണകൂടം തെരഞ്ഞെടുത്തിരുന്നു.
നെയ്മര്‍ അല്‍ ഹിലാല്‍ വിടുമ്പോള്‍ ഈ പദവിയും നഷ്ടമായോക്കും. നെയ്മറെ കൈവിട്ടാല്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ അടക്കമുള്ളവരെ അല്‍ ഹിലാല്‍ ലക്ഷ്യമിടുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.