അമേരിക്കയില്‍ കളി മാറ്റാന്‍ ജോക്കോ

കരിയര്‍ ഗ്രാന്‍ഡ്സ്ലാം (അതും മൂന്ന് തവണ), കരിയര്‍ ഗോള്‍ഡന്‍ സ്ലാം, കരിയര്‍ സൂപ്പര്‍ സ്ലാം, കരിയര്‍ ഗോള്‍ഡന്‍ മാസ്റ്റേഴ്സ് നേട്ടം രണ്ട് തവണ.

author-image
Biju
New Update
jokkop

ലണ്ടന്‍: നൊവാക് ജോക്കോവിച്ച് കണ്ണീരോടെയാണ് വിംബിള്‍ഡണില്‍ നിന്ന് മടങ്ങിയത്. സെമിയില്‍ കാലിടറിയപ്പോള്‍ കൈയിില്‍ നിന്ന് പോയത് എട്ടാം വിംബിള്‍ഡണ്‍ കിരീടം മാത്രമല്ല ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടങ്ങളുടെ പട്ടികയില്‍ 25 എന്ന മാന്ത്രിക നമ്പര്‍ കുറിക്കാനുള്ള അവസരം കൂടിയാണ്. 30 വയസ്സിന് ശേഷം വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടിലെ മത്സരവിജയങ്ങളില്‍ ഹാഫ് സെഞ്ച്വറി തികച്ചിട്ടാണ് നൊവാക് മടങ്ങിയത്.

പക്ഷേ പ്രായം കുറേശ്ശെ ബാധിച്ചു തുടങ്ങിയതായി നൊവാക് പറയുന്നു. നേട്ടങ്ങളുടെ പട്ടികയില്‍ എന്തൊക്കെ ഇനി കൂട്ടിച്ചേര്‍ക്കാന്‍ കഴിയും എന്ന് സംശയമുണ്ടെന്നും. ഇനി പുതുതായി ഒന്നും വന്നില്ലെങ്കില്‍ തന്നെയും നൊവാക് മഹാപ്രതിഭ ആയിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ഉറപ്പാണ്. കാരണം ആധുനിക ടെന്നീസ് ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരുപിടി നേട്ടങ്ങളാണ് നൊവാക്കിന്റെ പേരിലുള്ളത്. 24ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍.

കരിയര്‍ ഗ്രാന്‍ഡ്സ്ലാം (അതും മൂന്ന് തവണ), കരിയര്‍ ഗോള്‍ഡന്‍ സ്ലാം, കരിയര്‍ സൂപ്പര്‍ സ്ലാം, കരിയര്‍ ഗോള്‍ഡന്‍ മാസ്റ്റേഴ്സ് നേട്ടം രണ്ട് തവണ. 13 വര്‍ഷങ്ങളിലായി 428 ആഴ്ചകളില്‍ ലോകത്തെ ഒന്നാം നമ്പര്‍ പദവി. ആധുനിക ടെന്നീസിലെ കേമന്‍ എന്ന് നിരൂപകര്‍ വാഴ്ത്തിപ്പാടുന്നത് വെറുതെയല്ല.

പക്ഷേ മികവുറ്റ സെര്‍വുകളും ബാക്ക് ഹാന്‍ഡുകളും വേഗതയും മാത്രമല്ല നൊവാക്കിനെ വേറിട്ട് നിര്‍ത്തുന്നത്. വ്യത്യസ്തവും കര്‍ക്കശവുമായ നിലപാടുകള്‍ ആണ്. പലപ്പോഴും വിവാദങ്ങള്‍ നൊവാക്കിനെ ചേര്‍ത്തുപിടിക്കാറുള്ളതും ഇതേ നിലപാടുകള്‍ കാരണമാണ്. ആരാധകരുടെ പ്രിയങ്കരനായി മാറാന്‍ കഴിയാത്തതും നാട്ടുകാരുടെ ഹീറോ ആകുന്നതും ഇതു കൊണ്ട് തന്നെ.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആയിരുന്നു നൊവാക് ആദ്യം നേടിയതും (2008) ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതുമായ (10) ഗ്രാന്‍ഡ്സ്ലാം കിരീടം. 2022ല്‍ തുടര്‍ച്ചയായ കിരീടനേട്ടങ്ങളുടെ കാര്യത്തില്‍ കണക്കുകള്‍ തിരുത്തിക്കുറിക്കാന്‍ നൊവാക്കിന് അവസരമുണ്ടായിരുന്നു. പക്ഷേ അതിന് ശ്രമിക്കാന്‍ പോലും നൊവാക് എത്തിയില്ല. കാരണം കൊവിഡ് വാക്സീനോടുള്ള എതിര്‍പ്പ്.

കുത്തിവെയ്പ് എടുക്കാതെ വരാനും കളിക്കാനും കഴിയില്ലെന്ന് ചട്ടം ഉയര്‍ത്തിക്കാട്ടി സംഘാടകര്‍ പലകുറി പറഞ്ഞു. നൊവാക് വഴങ്ങിയില്ല, നാടുകടത്തുമെന്ന് പറഞ്ഞപ്പോള്‍ ആയിക്കോട്ടെ എന്ന് മറുപടി. (അടുത്ത കൊല്ലം 20203ല്‍ നൊവാക് വന്നു, കളിച്ചു, ജയിച്ചു. അത് വേറെ കാര്യം). വീട്ടിലേക്ക് മടങ്ങിയ നൊവാക് കൊവിഡ് വാക്സീന്റെ പേരില്‍ ഒഴിവാക്കിയ പല ടൂര്‍ണമെന്റുകളില്‍ ഒന്നായി ഓസ്ട്രേലിയന്‍ ഓപ്പണ്‍. മോണ്‍ട്രിയല്‍, സിന്‍സിനാറ്റി ഓപ്പണ്‍ തുടങ്ങി യുഎസ് ഓപ്പണ്‍ വരെ ഉണ്ട് ആ പട്ടികയില്‍.

വാക്സീന്‍ എടുക്കണോ വേണ്ടയോ എന്നത് വ്യക്തി തീരുമാനിക്കേണ്ടതാണ്. വേറെ ആരും ഇടപെടേണ്ട വിഷയമല്ല. ഇതാണ് നിലപാട്. കൊവിഡ് വാക്സീനോടുള്ള വിയോജിപ്പ് ആദ്യം തന്നെ പറഞ്ഞതാണെന്നും നൊവാക് ഓര്‍മപ്പെടുത്തി. നേട്ടങ്ങളുടെയും വരുമാനത്തിന്റെയും ഒക്കെ കണക്ക് കൂടുന്നത് നിലപാടില്‍ മാറ്റം വരുത്താന്‍ പോന്ന സ്വാധീനശക്തികളായിരുന്നില്ല അദ്ദേഹത്തിന്.

മരുന്നുകളെ പറ്റി വലിയ അഭിപ്രായമില്ല. അതാണ് പ്രധാന കാരണം. മനുഷ്യശരീരം സ്വയം ചികിത്സിച്ച് വയ്യായ്കകള്‍ മാറ്റുന്നുവെന്നാണ് നൊവാക്കിന്റെ തിയറി. ശാസ്ത്രം പറയുന്ന യുക്തിയേക്കാളും മനസ്സിന്റെ ശക്തിയാണ് പ്രധാനം എന്നതാണ് ആ തിയറിയുടെ അടിസ്ഥാനഘടകം.

2008ല്‍ കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നപ്പോള്‍ നൊവാക് ഏറെ ദുഃഖിതനായത് അതുകൊണ്ടാണ്. വിഷാംശമുള്ള ഭക്ഷണവും വെള്ളവും പോലും മനസ്സിന്റെ ശുദ്ധി കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് നൊവാക്കിന്റെ അഭിപ്രായം. 2013ല്‍ പുറത്തിറങ്ങിയ സെര്‍വ് ടു വിന്‍ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയില്‍ ഇതെല്ലാം സോദാഹണസഹിതമാണ് നൊവാക് വിസ്തരിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ വാക്സീനെടുക്കും?

പിന്നെ നൊവാക് ഏറെ വിമര്‍ശനം കേട്ടത് കൊസോവോ നിലപാടിന്റെ പേരിലാണ്. വാക്സീന്റെ കാര്യത്തിലെന്ന പോലെ ഇതിലും എല്ലാം കേട്ടതല്ലാതെ പറഞ്ഞതൊന്നും തിരുത്താനോ അഭിപ്രായത്തില്‍ വിട്ടുവീഴ്ചക്കോ മുതിര്‍ന്നില്ല. കൊസോവ സ്വാതന്ത്ര്യ പ്രഖ്യാപനസമയത്ത് നൊവാക് പറഞ്ഞത് കൊസോവ സെര്‍ബിയ തന്നെയാണ് എന്നാണ്. അവകാശപ്പെട്ടത് നേടിയെടുക്കാന്‍ തയ്യാറാണെന്നും.

ബോസ്നിയന്‍ സെര്‍ബ് ദേശീയവാദം ഉയര്‍ത്തുന്ന നേതാക്കളുമായി ഫോട്ടോ എടുത്തും സെര്‍ബിയ ദേശീയ ടീം എടിപി കപ്പ് നേടിയപ്പോള്‍ കൊസോവയെ കുറിച്ചുള്ള ഈണം മറക്കാതെയും നൊവാക് നിലപാട് എന്തെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വംശീയതയുടെയും പോരാട്ടത്തിന്റെയും ചോര വീണ് കുതിര്‍ന്ന ഭൂമിയില്‍ നിന്ന് സമാധാനത്തിലേക്കും പുരോഗതിയിലേക്കും പതുക്കെ പതുക്കെ നടപ്പ് തുടരുന്ന ഒരു നാടിന്റെ തന്നെ മേല്‍വിലാസമാണ് താനെന്ന ഉത്തരവാദിത്തമാണ് സെര്‍ബിയയുടെ ഗ്ലോബല്‍ അംബാസഡറായ നൊവാക്കിനുള്ളത്.

തലയ്ക്ക് മീതെ പറക്കുന്ന യുദ്ധവിമാനങ്ങളും തൊട്ടപ്പുറത്ത് ഇടക്കിടെ വീണു പൊട്ടുന്ന ബോംബുകളും കണ്ട് ഭയന്നുപോയ കൗമാരം ബാക്കി വെച്ചതാണത്. അതു കൊണ്ട് തന്നെയാണ് വീറും ശുണ്ഠിയും വാശിയും കൂടുതലുള്ളത്, അംപയര്‍മാരോട് കലഹിക്കുന്നത്. ദേഷ്യം വന്നാല്‍ റാക്കറ്റ് വലിച്ചെറിയുന്നത്. ബോളെടുക്കുന്ന കുട്ടികളോടും വാശി കാണിക്കുന്നത്.

വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടിന് പ്രിയങ്കരനായ റോജര്‍ ഫെഡറര്‍, കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാല്‍ .....പ്രതിഭകളായിരുന്നു നൊവാക്കിന്റെ എതിരാളികള്‍. നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളിലും ഇവരെ രണ്ട് പേരെയും തോല്‍പിക്കാന്‍ കഴിഞ്ഞ ഏക താരമായിരുന്നു നൊവാക്.

റാക്കറ്റേന്തുമ്പോള്‍ പരസ്പരം കാണിക്കുന്ന വീറും വാശിയും കോര്‍ട്ടിന് പുറത്തെ സൗഹൃദത്തിന് താങ്ങും തണലുമാക്കിയവര്‍. അവര്‍ സ്ഥിരോത്സാഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും സൗഹൃദത്തിന്റെയും പര്യായപദമാണ്.

ടെന്നീസ് ലോകത്തെ മികവിന്റെ ത്രയം, ആധുനിക ടെന്നീസിലെ ത്രിമൂര്‍ത്തികള്‍. അവരില്‍ ആര് എന്ന ചോദ്യത്തിന് ആരാധനയുടെയും ആരാധകരുടെയും കണക്ക് മാറ്റിനിര്‍ത്തിയാല്‍ ഒറ്റ ഉത്തരമേയുള്ളൂ. നൊവാക് ജോക്കോവിച്ച് എന്ന സെര്‍ബിയക്കാരന്‍.

novak djokovic