/kalakaumudi/media/media_files/2025/07/20/pak-2025-07-20-16-14-34.jpg)
ലണ്ടന്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കാന്‍ താല്‍പര്യമില്ലെന്ന് ശിഖര്‍ ധവാന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നിലപാടറിയിച്ചതോടെയാണ് സംഘാടകര്‍ മത്സരം വേണ്ടെന്നുവച്ചത്. ഞായറാഴ്ച ബര്‍മിങ്ങാമിലാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം നടത്താന്‍ തീരുമാനിച്ചിരുന്നത്.
പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തിലാണു പ്രഖ്യാപിച്ചത്. സംഘാടകര്‍ക്കെഴുതിയ തുറന്ന കത്തിലായിരുന്നു ധവാന്‍ നിലപാട് അറിയിച്ചത്. ഇതിനു പിന്നാലെ മറ്റു ചില താരങ്ങളും മത്സരം കളിക്കാനില്ലെന്ന് അറിയിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കുകയല്ലാതെ സംഘാടകര്‍ക്കു മറ്റു വഴികളില്ലാതായി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പൂര്‍ണമായും നിലച്ചിരുന്നു.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത സ്വകാര്യ ടൂര്‍ണമെന്റാണ് 'വേള്‍ഡ് ചാംപ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സ്'. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിരമിച്ച താരങ്ങളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. രാജ്യമാണു പ്രധാനമെന്നും മറ്റൊന്നും അതിലും വലുതല്ലെന്നുമായിരുന്നു ശിഖര്‍ ധവാന്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. മേയ് 11 ന് എടുത്ത തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ധവാന്‍ വ്യക്തമാക്കി.