45-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന്‍ ബൊപ്പണ്ണ

എടിപി ടൂറില്‍ 26 ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വര്‍ഷം ആദ്യം പാരീസ് മാസ്റ്റേഴ്‌സില്‍ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമായിരുന്നു

author-image
Biju
New Update
boppanna

ബെംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവില്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന്‍ ബൊപ്പണ്ണ. രണ്ട് ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന്‍ ബൊപ്പണ്ണ 45-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യപിച്ചത്. 

ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായിരുന്നു രോഹന്‍ ബൊപ്പണ്ണ. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. എടിപി ടൂറില്‍ 26 ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വര്‍ഷം ആദ്യം പാരീസ് മാസ്റ്റേഴ്‌സില്‍ അലക്‌സാണ്ടര്‍ ബുബ്ലിക്കിനൊപ്പമായിരുന്നു.

മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതല്‍ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു. ടെന്നിസ് തനിക്ക് ഒരു കായികയിനം മാത്രം ആയിരുന്നില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിച്ചത് ഏറ്റവും വലിയ അംഗീകാരമാണെന്നും ടെന്നിസില്‍ തുടരുമെന്നും ബൊപ്പണ്ണ പറഞ്ഞു. 2024ല്‍ മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയ ബൊപ്പണ്ണ 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം കിരീടം നേടി.

രണ്ട് തവണ പുരുഷ ഡബില്‍സിലും രണ്ട് തവണ മിക്‌സഡ് ഡബിള്‍സിലുമായി നാലു തവണ ഗ്രാന്‍സ്ലാം ഫൈനലുകളിലെത്താനും ബൊപ്പണ്ണക്കായി. ഐസാം ഉല്‍ ഹഖ് ഖുറേഷിക്കും മാത്യു എബ്ഡനുമൊപ്പം 2020ലെയും 2023ലെയും യുഎസ് ഓപ്പണിലും 2018ല്‍ ടൈമിയ ബാബോസിനും 2023ല്‍ സാനിയ മിര്‍സ്സുമൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലും ബൊപ്പണ്ണ ഫൈനല്‍ കളിച്ചിരുന്നു.

2012ല്‍ മഹേഷ് ഭൂപതിക്കൊപ്പവും 2015ല്‍ ഫ്‌ലോറിന്‍ മെര്‍ഗേയക്കൊപ്പവും എടിപി ഫൈനല്‍സിലും ബൊപ്പണ്ണ കളിച്ചു. 2016ലെ റിയോ ഒളിംപിക്‌സില്ഡ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സക്കൊപ്പം മത്സരിച്ച ബൊപ്പണ്ണ നാലാം സ്ഥാനത്തെത്തിയിരുന്നു.