/kalakaumudi/media/media_files/2025/09/23/balan-2025-09-23-07-07-45.jpg)
പാരിസ്: ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക് ലഭിച്ചു.
ബാഴ്സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. പുരസ്‌കാര വേളയില്‍ വികാരഭരിതനായ താരം ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകന്‍ ലൂയിസ് എന്റികിനും പ്രത്യേകം നന്ദിയറിയിച്ചു.
പി എസ് ജിയെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
ബാഴ്സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്‌സലോണയുടെ ലാമിന്‍ യമാല്‍ കരസ്ഥമാക്കി. പി എസ് ജിയാണ് ഈ വര്‍ഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്‌സണല്‍ ആണ് മികച്ച വനിതാ ക്ലബ്.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ തിയേറ്റര്‍ ഡു ഷാറ്റെലെറ്റില്‍ നടന്ന ചടങ്ങില്‍, 2024-25 സീസണിലെ മികച്ച പ്രകടനങ്ങള്‍ പരിഗണിച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ലോകമെമ്പാടുമുള്ള 100 കായിക മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എട്ടു തവണ പുരസ്‌കാരം നേടിയ ലയണല്‍ മെസ്സിയും അഞ്ചു തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണ പട്ടികയില്‍ ഇടം നേടിയിരുന്നില്ല.
മികച്ച പരിശീലകര്‍: വീഗ്മാന്‍ എന്റിക്
മികച്ച ഗോള്‍കീപ്പര്‍മാര്‍: ഹാംപ്ടണ്‍ ഡൊന്നറുമ
മികച്ച ഗോള്‍ സ്‌കോറര്‍മാര്‍: ഗ്യോകെരെസ് പജോര്‍
വനിതാ ക്ലബ്: ആഴ്‌സണല്‍
പുരുഷ ക്ലബ്: പി.എസ്.ജി