/kalakaumudi/media/media_files/4RLpJfc9RGXzuefXkNB4.jpg)
pak player naseem shah is in tears after losing to india in t20 world cup match
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ അപ്രതീക്ഷിത തോൽവിയ്ക്ക് പിന്നാലെ കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് പാക് യുവ പേസർ നസീം ഷാ. ഞായറാഴ്ച അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരിൽ 18 റൺസായിരുന്നു പാകിസ്ഥാന്റെ വിജയലക്ഷ്യം.അർഷ്ദീപ് സിംഗ് എറിഞ്ഞ ഓവറില ആദ്യ പന്തിൽ തന്നെ ഇമാദ് വാസിം പുറത്തായതോടെയാണ് ഷഹീൻ അഫ്രീദിക്ക് കൂട്ടായി നസീം ഷാ കളിക്കളത്തിലെത്തിയത്.
ആദ്യ പന്തിൽ തന്നെ നസീം ഷാ സിംഗിളെടുത്ത് അഫ്രീദിക്ക് സ്ട്രൈക്ക് കൈമാറി. ഇതോടെ പാക് ലക്ഷ്യം നാലു പന്തിൽ 17 ആയി.അടുത്ത പന്തിലും അഫ്രീദിക്ക് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ ലക്ഷ്യം മൂന്ന് പന്തിൽ 16 ആയി.എന്നാൽ അർഷ്ദീപിൻറെ നാലാം പന്ത് വിക്കറ്റിന് പിന്നിലേക്ക് സ്കൂപ്പ് ചെയ്ത് ബൗണ്ടറി നേടിയ നസീം ഷാ ലക്ഷ്യം രണ്ട് പന്തിൽ 12 റൺസാക്കി.അഞ്ചാം പന്തിൽ ഡീപ് പോയൻറിലേക്ക് ഉയർത്തിയടിച്ച നസീം ഷായെ പറന്നു പിടിക്കാൻ വിരാട് കോലി നോക്കിയെങ്കിലും പന്ത് ബൗണ്ടറി കടന്നുപോകുകയായിരുന്നു.
ഇതോടെ ലക്ഷ്യം അവസാന പന്തിൽ എട്ട് റൺസായി.എന്നാൽ അവസാന പന്തിൽ ഒരു റണ്ണെടുക്കാനെ നസീം ഷാക്ക് കഴിഞ്ഞുള്ളു.പതിനാല് ഓവറിൽ 80-3 എന്ന സ്കോറിലെത്തിയ പാകിസ്ഥാന് അവസാന ആറോവറിൽ ജയിക്കാൻ 36 റൺസ് മതിയായിരുന്നു.എന്നാൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ മുഹമ്മദ് റിസ്‌വാൻ പുറത്തായതോടെ അടിതെറ്റി പാകിസ്ഥാൻ ആറ് റൺസ് തോൽവി വഴങ്ങേണ്ടിവരികയായിരുന്നു.
തോൽവിക്ക് പിന്നാലെ കണ്ണീരടക്കാൻ പാടുപെട്ട് പൊട്ടിക്കരഞ്ഞ നസീം ഷായെ കൂടെയുണ്ടായിരുന്ന ഷഹീൻ അഫ്രീദി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നേരത്തെ ഇന്ത്യൻ ഇന്നിംഗ്സിൽ വിരാട് കോലിയെയും അക്സർ പട്ടേലിനെയും ശിവം ദുബെയെയും പുറത്താക്കിയ നസീം ഷാ നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങിയിരുന്നു.