ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനൊരുങ്ങി പാകിസ്താന്‍

ഫെബ്രുവരി 15-ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷാകരിക്കാനാണ് പാകിസ്താന്റെ ആലോചന. പാക് വാര്‍ത്താ ഏജന്‍സിയായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

author-image
Biju
New Update
lokacup

ഇസ്ലാമാബാദ്: ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് മത്സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും പാകിസ്താനെ ചൊടിപ്പിച്ചിരുന്നു. ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയതും പാകിസ്താനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 15-ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷാകരിക്കാനാണ് പാകിസ്താന്റെ ആലോചന. പാക് വാര്‍ത്താ ഏജന്‍സിയായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുമായുള്ള മത്സരം പാകിസ്താന്‍ ബഹിഷ്‌കരിച്ചാല്‍ എതിരാളിയായ ഇന്ത്യയ്ക്ക് രണ്ടു പോയന്റ് ലഭിക്കും. എന്നാല്‍ ഇത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.

നേരത്തേ പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ പ്രകോപനപരമായ പരാമര്‍ശങ്ങളും ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ബഹിഷ്‌കരണ ഭീഷണികളുമാണ് ഐസിസിയെ ചൊടിപ്പിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ പാകിസ്താന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ വാക്കുകള്‍. ബംഗ്ലാദേശിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഐസിസി സ്വീകരിച്ച നടപടികളെ നഖ്വി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഐസിസി കാണിച്ചത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച അദ്ദേഹം രാജ്യത്തിന്റെ താത്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും മുന്നോട്ട് പോവുകയെന്നും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ ലോകകപ്പില്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍ ഇതിനു പിന്നാലെ ലോകകപ്പില്‍ നിന്ന് പിന്മാറാനാണ് തീരുമാനമെങ്കില്‍ കടുത്ത നടപടിപടികള്‍ നേരിടേണ്ടിവരുമെന്ന് പിസിബിക്ക് ഐസിസി അന്ത്യശാസനം നല്‍കിയിരുന്നു. ലോകകപ്പില്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനവുമായി ഐക്യപ്പെട്ടതുള്‍പ്പെടെയുള്ള നഖ്വിയുടെ സമീപനത്തില്‍ ഐസിസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐസിസിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിക്കുകയും പാകിസ്താനും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയേക്കുമെന്നുള്ള ഭീഷണികളുമെല്ലാം ഐസിസി ഭരണസമിതിയെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.