/kalakaumudi/media/media_files/2025/09/17/pak-2025-09-17-19-05-03.jpg)
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരേയുള്ള മത്സരം പാകിസ്ഥന്‍ ബഹിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിന്റെ ചുവടുപിടിച്ചാണ് ഈ അസാധാരണ തീരുമാനം. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ആവശ്യം ഐസിസി തള്ളിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് പാക് സംഘം മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ എത്തിയത്.
ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാനും യുഎഇയും ഇന്ന് രാത്രി എട്ട് മണിക്ക് നേര്‍ക്കുനേര്‍ വരാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍.
സല്‍മാന്‍ ആഗയുടെ നേതൃത്വത്തിലുള്ള പാക് സംഘം ദുബായില്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന് പാകിസ്ഥാന്‍ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ടോസിങ്ങിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ ആഗയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാര്‍ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.
ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്.
പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികള്‍ ബഹിഷ്‌കരിക്കുമെന്നും പാകിസ്താന്‍ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്ഥാന്‍ പരാതി നല്‍കിയിട്ടുണ്ട്.
മാച്ച് റഫറിയെ അടിയന്തരമായി പുറത്താക്കിയില്ലെങ്കില്‍ യുഎഇക്കെതിരായ അടുത്ത കളി മുതല്‍ ബഹിഷ്‌കരിക്കുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. യുഎഇക്കെതിരായ പാകിസ്ഥാന്റെ അടുത്ത മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി.