ദുബായ്: ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്ന പാക്കിസ്ഥാനു പകരം ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാന്‍ നീക്കം നടത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ടൂര്‍ണമെന്റില്‍നിന്നു പാക്കിസ്ഥാന്‍ പിന്മാറുന്ന സാഹചര്യമുണ്ടായാല്‍ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നത്. ലോകകപ്പ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമതീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി അറിയിച്ചത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7നാണ് ലോകകപ്പ് ആരംഭിക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മര്‍ദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. ലോകകപ്പില്‍നിന്നു പൂര്‍ണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുന്‍ധാരണപ്രകാരം ലോകകപ്പില്‍ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്.
തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇതു നിരസിച്ചാണ് ബംഗ്ലദേശിനെ ഐസിസി ലോകകപ്പില്‍നിന്നു പുറത്താക്കിയത്. പകരം ഗ്രൂപ്പ് സിയില്‍ ബംഗ്ലദേശിനു പകരം സ്‌കോട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.
ബംഗ്ലദേശിനു പിന്തുണ നല്‍കിയാണ് ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാക്കിസ്ഥാന്‍ ആലോചിക്കുന്നത്. അങ്ങനെ പിന്മാറിയാല്‍ പാക്കിസ്ഥാന്‍ പകരം ഗ്രൂപ്പ് എയില്‍ ബംഗ്ലദേശിനെ കൊണ്ടുവന്നു പ്രശ്‌നപരിഹരിക്കാനാണ് ഐസിസി പദ്ധതിയിടുന്നത്. ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഇതോടെ സാങ്കേതിക തടസങ്ങളില്ലാതെ നടപ്പിലാക്കാനും ഐസിസിക്ക് സാധിക്കും.
ലോകകപ്പില്‍നിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ മുഴക്കിയ ബഹിഷ്‌കരണ ഭീഷണിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) യഥാര്‍ഥത്തില്‍ പെട്ടിരിക്കുകയാണ്. ഐസിസി കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിന്മാറിയാലുള്ള നഷ്ടം താങ്ങാനും വയ്യ, പിന്മാറിയില്ലെങ്കിലുള്ള നാണക്കേട് സഹിക്കുകയും വേണം എന്ന നിലയിലാണ് അവര്‍. ഇതിനിടെയാണ് ലോകകപ്പില്‍നിന്നു പിന്മാറാനുള്ള കാരണമായി പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്ന ബംഗ്ലദേശിനെ തന്നെ കൊണ്ടുവന്ന് പിസിബിയെ വെട്ടിലാക്കാന്‍ ഐസിസി നീക്കം നടത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
