/kalakaumudi/media/media_files/2025/04/24/ap2wd0rpuv24B9CZXZTN.png)
ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ക്ലാസിക് ജാവലിന്‍ മത്സരത്തിനുള്ള ഇന്ത്യയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയുടെ ക്ഷണം നിരസിച്ച് പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീം. മേയ് 24-ന് ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള നീരജിന്റെ ക്ഷണം നിരസിച്ചതായി ബുധനാഴ്ചയാണ് നദീം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം നിരസിച്ചതെന്ന സൂചനയുണ്ടെങ്കിലും ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരിശീലനം ഉള്ളതാണ് നദീം കാരണമായി പറഞ്ഞിരിക്കുന്നത്.
തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ നീരജിന് നന്ദി അറിയിക്കുന്നതായും നദീം പറഞ്ഞു. 'എന്‍സി ക്ലാസിക് ഇവന്റെ മേയ് 24 മുതലാണ്. അതേസമയം ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി ഞാന്‍ മേയ് 22-ന് കൊറിയയിലേക്ക് പോകും,' നദീം പറഞ്ഞു. മെയ് 27 മുതല്‍ 31 വരെ കൊറിയയിലെ ഗുമിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി താന്‍ കഠിന പരിശീലനം നടത്തുകയാണെന്നും നദീം കൂട്ടിച്ചേര്‍ത്തു.
നദീമിനെ മത്സരത്തിലേക്ക് ക്ഷണിച്ചതായി തിങ്കളാഴ്ചയാണ് നീരജ് അറിയിച്ചത്. പരിശീലകനുമായി ചര്‍ച്ച ചെയ്ത ശേഷം എന്നെ ബന്ധപ്പെടാമെന്നാണ് നദീം അറിയിച്ചത്. ഇതുവരെ അദ്ദേഹം പങ്കാളിത്തം സ്ഥീരീകരിച്ചിട്ടില്ലെന്നുമായിരുന്നു നീരജ് പറഞ്ഞിരുന്നത്. പിന്നാലെ ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയത്. ഇതോടെ പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിന്‍ ത്രോ മത്സരമാണ് നീരജ് ചോപ്ര ക്ലാസിക്. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ ഔട്ട്ഡോര്‍ സ്റ്റേഡിയമാണ് വേദി. ഹരിയാനയിലെ പഞ്ച്കുലയിലുള്ള തൗ ദേവി ലാല്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വെളിച്ചക്കുറവ് കാരണം വേദി മാറ്റേണ്ടി വരികയായിരുന്നു. നീരജ് ചോപ്ര, ജെഎസ്ഡബ്ല്യു സ്പോര്‍ട്സ്, അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ), വേള്‍ഡ് അത്ലറ്റിക്സ് എന്നിവര്‍ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.