/kalakaumudi/media/media_files/2024/10/23/h9PDnBbPX5ixGDvz2Raf.jpg)
ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അച്ചടക്ക നടപടിക്കു വിധേയനായ ഇന്ത്യന്‍ താരം ഋഷഭ് പന്തിനെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് വിലക്കണമെന്ന ആവശ്യവുമായി ഇംഗ്ലിഷ് ആരാധകര്‍ രംഗത്ത്. പരമ്പരയില്‍ പന്ത് ഇതുവരെ നേടിയ റണ്‍സ് ഒഴിവാക്കണമെന്നും ശേഷിക്കുന്ന നാലു ടെസ്റ്റുകളിലും കളിപ്പിക്കരുതെന്നുമാണ് ആവശ്യം.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടമായ ബാര്‍മി ആര്‍മിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പന്ത് ഇതുവരെ നേടിയ എല്ലാം റണ്‍സും ഒഴിവാക്കി ശേഷിക്കുന്ന ടെസ്റ്റുകളില്‍ ബാറ്റിങ്ങിനും അനുമതി നല്‍കാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ ശിക്ഷ'- എന്ന് ബാര്‍മി ആര്‍മി കുറിച്ചു.
നേരത്തെ, ഒന്നാം ടെസ്റ്റിനിടെ അംപയറോടു തര്‍ക്കിച്ചതിനും ബോള്‍ വലിച്ചെറിഞ്ഞതിനുമാണ് ഋഷഭ് പന്തിനെതിരെ നടപടി കൈക്കൊണ്ടത്. പന്ത് അച്ചടക്കം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണു (ഐസിസി) താരത്തിനെതിരെ നടപടിയെടുത്തത്. അംപയറുടെ തീരുമാനത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചതിന് ഋഷഭ് പന്തിനെതിരെ ഒരു ഡിമെറിറ്റ് പോയിന്റ് ചുമത്തിയിരുന്നു. പിഴവ് സംഭവിച്ചതായി പന്ത് അംഗീകരിച്ചെന്ന് ഐസിസി അറിയിച്ചു.