Nikhat Zareen leads India's boxing team in Olympics 2024
പാരിസ്: ഒളിംപിക്‌സ് ബോക്‌സിംഗില്‍ മെഡല്‍ പ്രതീക്ഷകളായ ഇന്ത്യന്‍ വനിതാ താരങ്ങള്‍ നേരിടുന്നത് കരുത്തുറ്റ എതിരാളികളെയാണ്. 50 കിലോ വിഭാഗത്തില്‍ നിഖാത് സരീന് ആദ്യ റൗണ്ടില്‍ ജര്‍മ്മനിയുടെ മാക്‌സി കാരിന ക്ലോയിറ്റ്‌സറാണ് എതിരാളി. ഒന്നാം റൗണ്ടില്‍ ജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ കാത്തിരിക്കുന്നത് ചൈനയുടെ ലോകചാമ്പ്യന്‍ വു യു ആണ്. ഇതിലും ജയിച്ചാലും പിന്നെയും കടുത്ത എതിരാളികള്‍ തന്നൊയണ് നിഖാതിനെ കാത്തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവും എട്ടാം സീഡുമായ തായ്ലന്‍ഡിന്റെ ചുത്മാത് റാക്‌സറ്റ് ആയിരിക്കും അടുത്ത റൗണ്ടില്‍ നേരിടേണ്ടിവരിക. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ നിഖാതിനെ റാക്‌സറ്റ് തോല്‍പ്പിച്ചിട്ടുണ്ട്.
75 കിലോ വിഭാഗത്തില്‍ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലൗലിനയ്ക്ക് ആദ്യ റൗണ്ടില്‍ നോര്‍വേ താരം സന്നിവ ഹോഫ്സ്റ്റാഡ് ആണ് എതിരാളി. ഇതില്‍ ജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പിച്ച് സ്വര്‍ണം നേടിയ ലി ക്വിയാന്‍ ആണ് ലവ്ലീനയുടെ എതിരാളിയാകുക. അതും ജയിച്ചാലും പിന്നെയുമുണ്ട് വെല്ലുവിളി. ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ കൈറ്റ്ലിന്‍ പാര്‍ക്കറാകും അടുത്ത റൗണ്ടില്‍ എതിരാളിയാകുക. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ലോക ചാമ്പ്യന്‍ മൊറോക്കോയുടെ ഖദീജ എല്‍ മാര്‍ദിയാണ് ലവ്ലീനയെ കാത്തിരിക്കുന്നത്.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച അമിത് പങ്കലിന് കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവും ആഫ്രിക്കന്‍ ഗെയിംസ് ചാമ്പ്യനുമായ പാട്രിക്ക് ചിന്യേംബയാണ് എതിരാളി. ഇതില്‍ ജയിച്ചാല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ തിറ്റിസാന്‍ പാന്‍മോട്ട് ആണ് പങ്കലിനെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത്. ഇതിലും ജയിച്ച് സെമിയിലെത്തിയാലോ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഉസ്‌ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ദുസ്മതോവ് ആയിരിക്കും എതിരാളി.