
paris olympics 2024 india mens hockey team beats Ireland in Pool B and seals quarterfinal berth
പാരിസ് ഒളിംപ്ക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ തകർപ്പൻ ജയം.ഹോക്കിയിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്.രാജ്യത്തിനായി ഇരട്ടഗോളുകൾ നേടിയ ഹർമൻപ്രീത് സിംഗാണ് താരം.ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ അർജന്റീനയോട് സമനില വഴങ്ങിയിരുന്നു. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി പൂൾ ബിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാൽ ആദ്യ ക്വാർട്ടറിന്റെ 11-ാം മിനിറ്റിൽ ഇന്ത്യ വലകുലുക്കി. ഹർമൻപ്രീതാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.19-ാം മിനിറ്റിൽ അടുത്ത ഗോളും പിറന്നു. രണ്ടാം ഗോളിലൂടെ ഹർമൻപ്രീത് അയർലൻഡിനെ പ്രതിരോധത്തിലാക്കി.പിന്നീട് ഗോളിനായി ശ്രമം തുടർന്നെങ്കിലും ഫിനിഷിംഗ് മോശമായി. ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളും ഇന്ത്യക്ക് ഗുണം ചെയ്തു.
പൂൾ ബിയിലെ ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും. ഓസ്ട്രേലിയ, ബെൽജിയം എന്നീ ടീമുകൾക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് ബെൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.