പാരാലിംപിക്‌സ് 2024; കാലിൽ ലക്ഷ്യം തൊടുത്ത് ശീതൾ, പിറന്നത് ലോക റെക്കോർഡ്!

റാങ്കിങ് റൗണ്ടിൽ വെറുമൊരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ശീതളിന് ഒന്നാംസ്ഥാനം നഷ്ടമായത്. തുർക്കിയുടെ ഒസ്‌നുർ ക്യുറെ ഗിർഡിയാണ് (704 പോയിന്റ്) ഒന്നാമത് എത്തിയത്.

author-image
Greeshma Rakesh
New Update
paris paralympics 2024 indias armless archer sheetal devi nearly sets new world record to finish second in ranking round

sheetal devi

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ്: അംഗപരിമിതരുടെ വിശ്വ കായികമേളയായ പാരാലിംപിക്‌സിന്റെ ആദ്യദിനം തന്നെ ഇന്ത്യക്കായി പുതു ചരിത്രം കുറിച്ചിരിക്കുകയാണ് 17 കാരിയായ ശീതൾ ദേവി. വനിതകളുടെ അമ്പെയ്ത്തിൽ ലോക റെക്കോർഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിൽ ഇരു കൈകളുമില്ലാത്ത ഏക അമ്പെയ്ത്ത് താരം കൂടിയായ ശീതളിന്റെ കന്നി ഗെയിംസിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവച്ചത്.ആകെ ലഭിക്കേണ്ട 720 പോയിന്റിൽ 703 പോയിന്റ് സ്വന്തമാക്കിയാണ് ഈ കൗമാരതാരം ലോക റെക്കോർഡിൽ മുത്തമിട്ടത്.

ഇതോടെ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷകളിലൊന്നായ താരം റാങ്കിങ് റൗണ്ടിൽ രണ്ടാമതെത്തിയിരിക്കുകയാണ്.വനിതകളുടെ കോമ്പൗണ്ട് വിഭാഗം റാങ്കിങ് റൗണ്ടിലാണ് ശീതൾ അമ്പ് ലക്ഷ്യത്തിലെത്തിച്ചത്. റാങ്കിങ് റൗണ്ടിൽ വെറുമൊരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ശീതളിന് ഒന്നാംസ്ഥാനം നഷ്ടമായത്. തുർക്കിയുടെ ഒസ്‌നുർ ക്യുറെ ഗിർഡിയാണ് (704 പോയിന്റ്) ഒന്നാമത് എത്തിയത്. ശീതളിനൊപ്പം ഗിർഡിയും പുതിയ ലോക റെക്കോർഡാണ് കുറിച്ചത്.

പാരാലിംപിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യക്കു വേണ്ടി മൽസരിക്കാനിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ശീതൾ. ഇത്തവണ രാജ്യത്തിനു മെഡൽ സമ്മാനിക്കുന്ന ആദ്യത്തെ താരം താനായിരിക്കുമെന്നു കന്നി ഗെയിംസിൽ തന്നെ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ഈ കൗമാരക്കാരി. കരിയർ ബെസ്റ്റ് പ്രകടനം കൂടിയാണ് താരം ഇന്നു കാഴ്ചവച്ചത്. ലോക വേദിയിൽ ആദ്യമായി മൽസരിക്കാനിറങ്ങിയതിന്റെ സമ്മർദ്ദമൊന്നുമില്ലാതെ ശീതൾ കത്തിക്കയറുകയായിരുന്നു.

കോമ്പൗണ്ട് വിഭാഗത്തിൽ നേരത്തേയുള്ള റെക്കോർഡ് 698 ആയിരുന്നു. ബ്രിട്ടന്റെ പാരാ അത്‌ലറ്റായ ഫോബെ പാറ്റേഴ്‌സൻ പൈനാണ് ഈ റെക്കോർഡിന്റെ അവകാശി. ഇതാണ് ശീതളും തുർക്കി താരവും തകർത്തിരിക്കുന്നത്. എന്നാൽ പാരാലിംപിക്‌സിൽ നേരത്തേയുള്ള ഓൾടൈം റെക്കോർഡ് 694 ആയിരുന്നു. കഴിഞ്ഞ ടോക്കിയോ ഗെയിംസിൽ ജെസ്സീക്ക സ്‌ട്രെറ്റണാണ് ഈ റെക്കോർഡ് കുറിച്ചത്.ശീതൾ ഇനി എലിമിനേഷൻ റൗണ്ടിലാണ് രണ്ടാം സീഡായി മൽസരിക്കുക.

ആദ്യ നാലു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതിനാൽ അവർക്കു നേരിട്ട് പ്രീക്വാർട്ടറിലേക്കു യോഗ്യത ലഭിക്കും. ശനിയാഴ്ചയാണ് അവരുടെ അടുത്ത മൽസരം. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയും ഇതേ ദിവസം തന്നെയായിരിക്കും. ശീതളിനെക്കൂടാതെ ഇന്ത്യയുട മറ്റൊരു താരം കൂടി അമ്പെയ്ത്തിൽ ഇന്നു മൽസരിക്കാനിറങ്ങിയിരുന്നു. പക്ഷെ സരിത അദാനയ്ക്കു ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

ആരാണ് ശീതൾ ദേവി?

2007ൽ ജമ്മുവിലാണ് ശീതൾ ജനിച്ചത്. ഫോക്കോമേലിയ എന്ന അപൂർവ്വ രോഗാവസ്ഥയാണ് അവർക്കു ജൻമനാ തന്നെ ഇരുകൈകളും നഷ്ടമാവാൻ കാരണം. പക്ഷെ തന്റെ പരിമിതകളെ പോരാട്ടവീര്യം കൊണ്ട് ഈ കൊച്ചുമിടുക്കി മറികടക്കുകയായിരുന്നു. 2022ലാണ് കാൽ കൊണ്ട് ലക്ഷ്യത്തിലേക്കു ഉന്നം വയ്ക്കാവുന്ന ഉപകരണത്തെക്കുറിച്ച് ശീതളിന്റെ കോച്ചുമാരായ കുൽദീപ് വേദ്വാനും അഭിലാഷ ചൗധരിയുമറിഞ്ഞത്. നേരത്തേ അമേരിക്കൻ അമ്പെയ്ത്ത് താരമായ മാറ്റ് സ്റ്റൂട്ട്‌സ്മാൻ ഇതുപയോഗിച്ച് അമ്പെയ്ത്തിട്ടുണ്ട്.

ഇന്ത്യൻ ആർമി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് തന്റെ കഴിവ് ശീതൾ ആദ്യമായി പ്രകടിപ്പിച്ചത്. പിന്നീട് 2022 മാർച്ച്- ഏപ്രിലിൽ ഹരിയാനയിൽ നടന്ന പാരാ ആർച്ചറി ദേശീയ ചാംപ്യൻഷിപ്പിൽ താരം മൽസരിച്ചിരുന്നു. കൂടാതെ ജൂനിയർ ദേശീയ ചാംപ്യൻഷിപ്പിലും ശീതൾ തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ വർഷത്തെ ലോക ചാംപ്യൻഷിപ്പിലെ സ്വർണ മെഡൽ നേട്ടത്തോടെയാണ് ശീതൾ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നാലെയാണ് ഏഷ്യൻ പാരാ ഗെയിംസിൽ ഇരട്ട സ്വർണവും ഒരു വെള്ളിയും താരം സ്വന്തമാക്കിയത്. ഗെയിംസിന്റെ ഒരു എഡിഷനിൽ ഒന്നിലേറെ സ്വർണ മെഡൽ ലഭിച്ച ആദ്യത്തെ പാരാ അത്‌ലറ്റായും അവർ അന്നു മാറിയിരുന്നു. കഴിഞ്ഞ വർഷം അർജുന അവാർഡും ശീതളിനെ തേടിയെത്തി.

 

paris paralympics 2024 india Archery sheetal devi