/kalakaumudi/media/media_files/2026/02/08/ishan3-2026-02-08-12-00-41.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു കിട്ടിയ ക്ഷണം ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് സ്വീകരിച്ച ഇഷാന്‍ കിഷന്‍ ഇപ്പോള്‍ നടത്തുന്നത് 'പുത്തനടി' ആണെന്നു കരുതുന്നുണ്ടെങ്കില്‍ ശരിയല്ല. അയാള്‍ തുടക്കം മുതലേ അങ്ങനെയായിരുന്നു. ഇടയ്ക്കെവിടെയോ മറന്നുവച്ച മികവിന്റെ താക്കോല്‍ വീണ്ടെടുത്ത് യാത്ര തുടരുന്നുവെന്നു മാത്രം. ട്വന്റി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം അതേ മനോഭാവത്തില്‍ കളിക്കുന്ന ഇഷാന്‍ കൂടി ചേരുമ്പോഴുള്ള 'കെമിസ്ട്രി' കണ്ടറിയാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ കിഷനെ സംബന്ധിച്ചിത്തോളം ഒരു ദുഃഖവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ മാറുമ്പോള്‍, ആ സന്തോഷം നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കോച്ച് ഉത്തം മജൂംദാര്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇല്ലായിരുന്നു. അതിനൊരു കാരണമുണ്ട്. ഉത്തം മജൂംദാറിന്റെ ഭാര്യാപിതാവ് കൊല്‍ക്കത്തയില്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം മുംബൈയിലേക്കുള്ള യാത്ര ഒഴിവാക്കി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച കോച്ചിന്റെ കുടുംബത്തിലുണ്ടായ ഈ വിയോഗം ഇഷാനെയും സങ്കടത്തിലാഴ്ത്തി. മത്സരത്തിന് മുന്‍പ് വീഡിയോ കോളിലൂടെ ഇഷാന്‍ കോച്ചിനെ ആശ്വസിപ്പിച്ചു.
സഞ്ജു സാംസണിന്റെ ബാക്കപ്പ് ആയി ടീമിലെത്തിയ ഇഷാന്‍, ന്യൂസിലന്‍ഡിനെതിരെയുള്ള സെഞ്ചുറിയും വാം-അപ്പ് മത്സരത്തിലെ പ്രകടനവും കൊണ്ട് ടീമിലെ ഒന്നാം നമ്പര്‍ കീപ്പറായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ഇഷാന്റെ തകര്‍പ്പന്‍ ഫോമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചു. ടോപ്പ് ഓര്‍ഡറില്‍ ഇഷാന്‍ വെടിക്കെട്ട് പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ടീം. തന്റെ പിതാവിനെപ്പോലെ കൂടെനിന്ന കോച്ചിന്റെ അഭാവത്തിലും ഇഷാന്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഉത്തം മജൂംദാര്‍.
നോയിഡയില്‍ അക്കാദമി നടത്തുന്ന മജൂംദാര്‍, മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ ഡല്‍ഹിയിലെ മത്സരവും നേരില്‍ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. എങ്കിലും തന്റെ ശിഷ്യന്‍ രാജ്യത്തിനായി മികച്ച വിജയം കൊയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുറച്ചു കാലം ടീമിന് പുറത്തായിരുന്ന ഇഷാന്‍, ആഭ്യന്തര ക്രിക്കറ്റില്‍ (സയ്യിദ് മുഷ്താഖ് അലി ട്രോഫി) ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ചുകൊണ്ടാണ് തന്റെ കരുത്ത് തെളിയിച്ചത്. ഇത് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായി. സഞ്ജു സാംസണ് പകരക്കാരനായി ടീമിലെത്തിയെങ്കിലും ന്യൂസിലന്‍ഡിനെതിരെ നേടിയ സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ വാം-അപ്പ് മാച്ചിലെ പ്രകടനവും ഇഷാനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി.
ഇഷാന് 12 വയസ്സുള്ളപ്പോള്‍ ബീഹാറില്‍ നിന്നും റാഞ്ചിയിലേക്ക് താമസം മാറാന്‍ നിര്‍ബന്ധിച്ചത് ഉത്തം മജൂംദാറാണ്. ഇഷാന്റെ കരിയറിലെ ഓരോ വീഴ്ചയിലും താങ്ങായി നിന്നത് അദ്ദേഹമായിരുന്നു. കുടുംബത്തിലെ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന കോച്ചിനെ ഇഷാന്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. കളിയില്‍ തന്റെ നൂറു ശതമാനം നല്‍കണമെന്നും അവസരങ്ങള്‍ പാഴാക്കരുതെന്നും കോച്ച് ഇഷാന് ഉപദേശം നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
