മോശം ഫോം: സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവാസ്‌കര്‍

മികച്ച പ്രകടനം നടത്താത്തുകൊണ്ട് നിങ്ങളെ ഒഴിവാക്കുന്നു എന്ന് പറഞ്ഞ് തന്നെ  ഒഴിവാക്കണം. എന്നാല്‍ അത് പറയാതെ വിശ്രമം എന്ന വാക്കുപയോഗിച്ചാല്‍ കളിക്കാര്‍ തെറ്റിദ്ധരിക്കും.

author-image
Prana
New Update
siraj

ആസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കണമെന്ന മുറവിളി ഉയരുന്നതിനിടെ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്.
മെല്‍ബണ്‍ ടെസ്റ്റില്‍ ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിയാതിരുന്ന പേസര്‍ മുഹമ്മദ് സിറാജിനെ വിശ്രമം അനുവദിക്കുന്നു എന്നല്ല, മറിച്ച് ടീമില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് ധൈര്യമായി പറഞ്ഞുതന്നെ ഒഴിവാക്കണമെന്ന് ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞു. മികച്ച പ്രകടനം നടത്താത്തുകൊണ്ട് നിങ്ങളെ ഒഴിവാക്കുന്നു എന്ന് പറഞ്ഞ് തന്നെ  ഒഴിവാക്കണം. എന്നാല്‍ അത് പറയാതെ വിശ്രമം എന്ന വാക്കുപയോഗിച്ചാല്‍ കളിക്കാര്‍ തെറ്റിദ്ധരിക്കും. അവരുടെ നിലവാരം ഒന്നും മെച്ചപ്പെടേണ്ട കാര്യമില്ലെന്ന് കരുതും--ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലാകെ ഓവറില്‍ 4.07 റണ്‍സ് വഴങ്ങിയ സിറാജ് പരമ്പരയിലെ തന്നെ മോശം ഇക്കോണമി റേറ്റിലാണ് പന്തെറിയുന്നത്. മെല്‍ബണില്‍ ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 23 ഓവര്‍ എറിഞ്ഞ സിറാജ് 122 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. സിഡ്‌നി ടെസ്റ്റില്‍ സിറാജിന് പകരം ഹര്‍ഷിത് റാണയെ തിരിച്ചുകൊണ്ടുവരികയോ പ്രസിദ്ധ് കൃഷ്ണക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുകയോ ആണ് ഇന്ത്യ ചെയ്യേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു. രണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിറാജിനും ആകാശ് ദീപിനും പകരം ഹര്‍ഷിതിനെയും പ്രസിദ്ധ് കൃഷ്ണയെയും കളിപ്പിക്കാമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

muhammed siraj sunil gavaskar border gavaskar trophy