/kalakaumudi/media/media_files/2025/07/17/pra2-2025-07-17-14-51-10.jpg)
ലാസ് വേഗാസ്: ചെസിലെ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്‌നസ് കാള്‍സനെ ഫ്രീസ്റ്റെല്‍ ഗ്രാന്‍സ്ലാം ചെസ് ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ച് ഇന്ത്യയുടെ കൗമാര താരം ആര്‍ പ്രഗ്‌നാനന്ദ. വെറും 39 നീക്കങ്ങള്‍ക്കൊടുവിലാണ് 19 കാരനായ ഇന്ത്യന്‍ താരം വെള്ളക്കരുക്കളുമായി കാള്‍സനെ തോല്‍പ്പിച്ചത്. നീക്കങ്ങളില്‍ 93.9 ശതമാനം കൃത്യതയുമായി പ്രഗ്‌നാനന്ദ മികവു തെളിയിച്ചപ്പോള്‍, കാള്‍സനു വിപരീതമായി 84.9 ശതമാനം കൃത്യത മാത്രമേ പുലര്‍ത്താനായുള്ളൂ.
ലാസ് വേഗാസില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് മാഗ്‌നസ് കാള്‍സനെതിരെ പ്രഗ്‌നാനന്ദയുടെ വിജയം. ഇതോടെ ഗ്രൂപ്പ് വൈറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പ്രഗ്‌നാനന്ദ, ക്വാര്‍ട്ടര്‍ ഫൈനലിനും യോഗ്യത നേടി. 4.5 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പ്രഗ്‌നാനന്ദ ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്സ് ഫോര്‍മാറ്റുകളില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചുവെന്ന നേട്ടവും സ്വന്തമാക്കി.തോറ്റെങ്കിലും ലൂസേഴ്സ് ബ്രാക്കറ്റില്‍ കാള്‍സന് ഇനിയും ടൂര്‍ണമെന്റില്‍ കളിക്കാം. പക്ഷെ ജേതാവാകാനാവില്ല. പരമാവധി മൂന്നാം സ്ഥാനത്ത് മാത്രമെ കാള്‍സന് എത്താനാകു.
ഈ മാസം ആദ്യം ഇന്ത്യന്‍ താരം ഡി ഗുകേഷിനോടും മാഗ്‌നസ് കാള്‍സന്‍ തോറ്റിരുന്നു.ക്രൊയേഷ്യയിലെ ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ണമെന്റിലെ റാപ്പിഡ് ഫോര്‍മാറ്റിലാണ് ഗുകേഷ് അട്ടിമറി ജയം നേടിയത്. കറുത്ത കരുക്കളുമായി കളിച്ചാണ് ഗുകേഷ് കാള്‍സനെ അട്ടിമറിച്ചത്. മത്സരത്തിന് മുന്‍പ് ദുര്‍ബലനായ എതിരാളി എന്നാണ് ഗുകേഷിനെ കാള്‍സന്‍ വിശേഷിപ്പിച്ചത്. ഇതിന് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കുകയായിരുന്നു ഇന്ത്യയുടെ ലോക ചാമ്പ്യന്‍. മത്സരശേഷം ഗുകേഷിന്റെ മികവിനെ കാള്‍സന്‍ അംഗീകരിക്കുകയും ചെയ്തു. ഗുകേഷ് തന്നെ ശിക്ഷിച്ചുവെന്നായിരുന്നു കാള്‍സന്റെ വാക്കുകള്‍.