ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ ബോറിസ് ഗെല്‍ഫാന്റിനെ വീഴ്ത്തി പ്രജ്ഞാനന്ദ

60 നീക്കങ്ങള്‍ വരെ ഇരുവരും തുല്യനിയിലെന്നോണമായിരുന്നു. തന്റെ 60ാം നീക്കം നടത്തിയശേഷം ഒന്നു ചുറ്റിയടിക്കാന്‍ പോയതായിരുന്നു ബോറിസ് ഗെല്‍ഫാന്റ്. പക്ഷെ 60 നീക്കത്തില്‍ പ്രജ്ഞാനന്ദ നടത്തിയ ഒരു പ്രത്യേകനീക്കത്തില്‍ ബോറിസ് ഗെല്‍ഫാന്റ് ഞെട്ടിപ്പോയി.

author-image
Biju
New Update
pragnannda

സമര്‍ഖണ്ഡ്: ഉസ്‌ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ മൂന്നാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫാന്റിനെ വീഴ്ത്തി പ്രജ്ഞാനന്ദ. ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്‌സി എന്നിവരും മൂന്നാം റൗണ്ടില്‍ വിജയം നേടി.

ഇതോടെ പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്‌സി എന്നിവര്‍ക്ക് രണ്ടര പോയിന്റ് വീതമുണ്ട്. പക്ഷെ മൂന്ന് കളികളിലും ജയിച്ച പര്‍ഹാം മഗ്‌സൂദലു ആണ് മൂന്ന് പോയിന്റോടെ മുന്‍പില്‍. മൂന്നാം റൗണ്ടില്‍ പര്‍ഹാം മഗ്‌സൂദലു ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെയാണ് തോല്‍പിച്ചത്. ഇതോടെ അതുവരെ മുന്‍പില്‍ നിന്ന ഫിറൂഷ വെറും രണ്ടു പോയിന്റോടെ പിന്തള്ളപ്പെട്ടു.

കഴിഞ്ഞ കാലത്തെ മികച്ച ഗ്രാന്റ് മാസ്റ്ററായ ബോറിസ് ഗെല്‍ഫാന്റിനെ പ്രജ്ഞാനന്ദ വീഴ്ത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം പിടിച്ച വാര്‍ത്തയായിരുന്നു. 57കാരനായ ബോറിസ് ഗെല്‍ഫാന്റ് ഇസ്രയേല്‍ താരമാണ്. ചെസ്സിലെ രണ്ട് തലമുറയിലെ താരങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലായതിനാല്‍ മാധ്യമങ്ങള്‍ ഈ കളിക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ബോറിസ് ഗെല്‍ഫാന്റിന്റെ കിംഗ് സൈഡില്‍ നടത്തിയ ആക്രമണത്തിലാണ് ബോറിസ് ഗെല്‍ഫാന്റ് വീണത്. കറുത്ത കരുക്കള്‍ ഉപയോഗിച്ച് നേടിയ വിജയം പ്രജ്ഞാനന്ദയ്ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.

60 നീക്കങ്ങള്‍ വരെ ഇരുവരും തുല്യനിയിലെന്നോണമായിരുന്നു. തന്റെ 60ാം നീക്കം നടത്തിയശേഷം ഒന്നു ചുറ്റിയടിക്കാന്‍ പോയതായിരുന്നു ബോറിസ് ഗെല്‍ഫാന്റ്. പക്ഷെ 60 നീക്കത്തില്‍ പ്രജ്ഞാനന്ദ നടത്തിയ ഒരു പ്രത്യേകനീക്കത്തില്‍ ബോറിസ് ഗെല്‍ഫാന്റ് ഞെട്ടിപ്പോയി. കാരണം കളി പ്രജ്ഞാനന്ദ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നീട് 65ാം നീക്കത്തില്‍ ബോറിസ് ഗെല്‍ഫാന്റ് അടിയറവ് പറയുകയായിരുന്നു.

മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്‌സി സ്ലോവേനിയന്‍ താരം ആന്റണ്‍ ഡെംചെങ്കോയ്ക്കെതിരെ നേടിയ വിജയവും ഉജ്വലമാണ്. കഴിഞ്ഞ രണ്ട് കളികളിലും ജയിച്ച് ഉജ്ജ്വല ഫോമില്‍ കളിച്ച ഡെംചെങ്കോവിനെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്‌സി വീഴ്ത്തിയത് ഉഗ്രന്‍ ആക്രമണച്ചെസ്സിലൂടെയാണ്. ഇതോടെ അര്‍ജുന്‍ എരിഗെയ്‌സിക്ക് രണ്ടര പോയിന്റായി. ഡെംചെങ്കോ വെറും രണ്ട് പോയിന്റ് മാത്രമായി പിന്തള്ളപ്പെട്ടിരിക്കുകയാണ്. അതുപോലെ മൂന്നാം റൗണ്ടില്‍ ഗുകേഷും അനായാസ ജയമാണ് നേടിയത്. ഡാനില്‍ യുഫയെയാണ് ഗുകേഷ് തോല്പിച്ചത്.