/kalakaumudi/media/media_files/2025/10/09/prithwiii-2025-10-09-13-01-52.jpg)
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ സെഞ്ചുറി നേടിയെങ്കിലും മുൻ ടീം അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടി ഇന്ത്യൻ താരം പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ.
രഞ്ജി ട്രോഫി സീസണിനു മുന്നോടിയായി നടന്ന മുംബൈ - മഹാരാഷ്ട്ര സന്നാഹ മത്സരത്തിനിടെയായിരുന്നു സംഭവം. കരിയറിന്റെ തുടക്കം മുതൽ കളിച്ചിരുന്ന മുംബൈ വിട്ട് ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.
മോശം ഫോമും അച്ചടക്കമില്ലായ്മയും കാരണം മുംബൈ ടീം താരത്തെ കഴിഞ്ഞ സീസണിൽ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. പിന്നാലെ ഷാ ടീം വിടുകയും ചെയ്തു.
സന്നാഹ മത്സരത്തിൽ മുംബൈക്കെതിരേ തകർപ്പൻ ബാറ്റിങ്ങാണ് ഷാ പുറത്തെടുത്തത്. 220 പന്തിൽ 181 റൺസെടുത്ത ഷാ ഒടുവിൽ ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാന്റെ പന്തിലാണ് പുറത്താകുന്നത്.
പുറത്തായതിനു പിന്നാലെ മുഷീറിന്റെ ആഘോഷവും മുംബൈ താരങ്ങളുടെ പരിഹാസവും ഷായെ പ്രകോപിപ്പിക്കുകയായിരുന്നു.
വലിയ വാക്കേറ്റവും കയ്യാങ്കളിയുമാണ് പിന്നീട് അരങ്ങേറിയത്. മുൻ ടീം അംഗങ്ങളെ ബാറ്റുവീശി അടിക്കാനൊരുങ്ങിയ ഷായെ, സഹ ബാറ്ററാണ് തടഞ്ഞത്.
മുഷീറിന്റെ കോളറിൽ ഷാ പിടിച്ചതായും റിപ്പോർട്ടുണ്ട്. അമ്പയർമാർ ഇടപെട്ട് ഏറെ പണിപ്പെട്ടാണ് തർക്കം അവസാനിപ്പിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരത്തിൽ മഹാരാഷ്ട്രയുടെ അർഷിൻ കുൽക്കർണിയുമായി 305 റൺസിന്റെ കൂട്ടുകെട്ടും ഷാ പടുത്തുയർത്തിയിരുന്നു.
തന്നെ പുറത്താക്കിയ ടീമിനെതിരേ ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴാണ് താരം പുറത്താകുന്നത്. മോശം ഫോം കാരണം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ഷാ കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം കാരണം കുപ്രസിദ്ധനാണ്.
ഒരു തിരിച്ചിവരവിന് ശ്രമിക്കവെ മികച്ച ബാറ്റിങ് പുറത്തെടുത്ത ശേഷമാണ് താരം ഇപ്പോൾ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
