വിജയശില്‍പ്പിക്ക് പാകിസ്ഥാന്‍ കൊടുത്തത് ഹെയര്‍ ഡ്രൈയര്‍

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്.

author-image
Biju
New Update
SDRF

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചറിയുമായി കറാച്ചി കിങ്‌സിന് വിജയം സമ്മാനിച്ച ഇംഗ്ലിഷ് താരത്തിന് ടീമിന്റെ സമ്മാനം ഹെയര്‍ ഡ്രൈയര്‍! മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തില്‍ 43 പന്തില്‍ 14 ഫോറും നാലു സിക്‌സും സഹിതം 101 റണ്‍സെടുത്ത ജയിംസ് വിന്‍സിനാണ് കറാച്ചി ടീം ഹെയര്‍ ഡ്രൈയര്‍ സമ്മാനമായി നല്‍കിയത് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ വ്യാപക ട്രോളഫുകളാണ് പ്രചരിക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെ സെഞ്ചറിയും (63 പന്തില്‍ പുറത്താകാതെ 105), കമ്രാന്‍ ഗുലം (19 പന്തില്‍ 36), മൈക്കല്‍ ബ്രേസ്വെല്‍ (17 പന്തില്‍ 44) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് മുള്‍ട്ടാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ ജയിംസ് വിന്‍സ്, 43 പന്തില്‍ 14 ഫോറും നാലു സിക്‌സും സഹിതം 101 റണ്‍സോടെ ടീമിന്റെ വിജയശില്‍പിയായി. വിന്‍സ് പുറത്തായതിനു ശേഷം 37 പന്തില്‍ 60 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായാണ് കറാച്ചിയെ വിജയത്തിന് തൊട്ടരികില്‍ എത്തിച്ചത്.

ഈ മത്സരത്തിനുശേഷം ചേര്‍ന്ന ടീം മീറ്റിങ്ങിലാണ്, കറാച്ചി കിങ്‌സ് അധികൃതര്‍ ജയിസ് വിന്‍സിന് ഹെയര്‍ ഡ്രൈയര്‍ സമ്മാനമായി നല്‍കി ആദരിച്ചത്. മത്സരഫലം മാറ്റിമറിച്ച വിന്‍സിന്റെ ഇന്നിങ്‌സിന്, റിലയബിള്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമാണ് ടീം നല്‍കിയത്.

സെഞ്ചറിത്തിളക്കവുമായി ടീമിന് വിജയം സമ്മാനിച്ച താരത്തിന് ഹെയര്‍ ഡ്രൈയര്‍ സമ്മാനമായി നല്‍കിയതിനെ 'ട്രോളി' ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അടുത്ത മത്സരത്തില്‍ സെഞ്ചറി നേടിയാല്‍ ഷേവിങ് ജെല്ലോ ഷാംപുവോ ആയിരിക്കും സമ്മാനമെന്ന് ഒരു ആരാധകര്‍ എക്‌സില്‍ കുറിച്ചു.

 

pakistan